വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കാമെന്ന് സമ്മതിച്ചത് മുൻ സർക്കാർ, പിണറായി വർഗീയത പരത്തുന്നു -വി.ഡി സതീശൻ

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്‌ലിംകളായ ആളുകളെ ഉൾപ്പെടുത്താമെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യു.ഡി.എഫ്. സർക്കാരിനെതിരെ തെറ്റായി വർഗീയ പ്രചാരണം നടത്തുകയാണ്. അമുസ്‌ലിംകളായ ആളുകളെ പിന്നീട് ഉൾപ്പെടുത്താമെന്ന് പിണറായി സർക്കാരിന്റെ ഉത്തരവിലും പറയുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വഖഫ് ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് ശേഷം ആദ്യം രൂപീകരിച്ച വഖഫ് ബോർഡാണ് കേരളത്തിലേത്. അതിനുശേഷം നാല് ഹർജികൾ കോടതിയിൽ വന്നു. മുസ്ലിം ഇതര ആളുകളെ വെച്ചിട്ടില്ല, മുസ്ലിം വിഭാഗങ്ങളിലെ പിന്നാക്ക മുസ്ലിം വിഭാഗങ്ങളെ വഖഫ് ബോർഡിൽവെച്ചിട്ടില്ല, നിലവിൽ വെച്ചിട്ടുള്ള ആളുകൾക്ക് മതിയായ യോഗ്യതയില്ല തുടങ്ങിയ ഹർജികളായിരുന്നു അത്. യുഡിഎഫ് സർക്കാർ ഇതെല്ലാം പരിശോധിക്കും. ഹർജികൾ തള്ളണമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ച വഖഫ് ബോർഡും ഇക്കാര്യം തന്നെയാണ് സുപ്രീം കോടതിയിൽ ആവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുമെന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്.

ഇപ്പോഴും വഖഫ് ബോർഡ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഈ നിലപാട് ആവർത്തിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും സ്ഥിതിഗതികൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത് രാജ്യത്തെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാർ ഹർജിക്കാരുമായി ഒത്തുകളിക്കുകയാണെന്നും പിണറായി ആരോപിച്ചിരുന്നു. ഓരോ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവർതന്നെ കൈകാര്യം ചെയ്യുന്നതാണ് തുടർന്നുപോന്ന രീതി. മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട വഖഫ് ബോർഡിൽ അമുസ്ലിംങ്ങളെ ഉൾപ്പെടുത്തുന്നത് മതനിരപേക്ഷതയ്ക്കെതിരായ നിലപാടാണെന്നും ഇതിനെ ശക്തമായി എതിർക്കണമെന്നും പിണറായി പറഞ്ഞു. 

Tags:    
News Summary - Left government agreed to appoint non-Muslim members to the Waqf Board- V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.