പിണറായി വിജയൻ

ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരും; തികഞ്ഞ ആത്മവിശ്വാസത്തിലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: കേരളം മൂന്നാമതും ഇടതുമുന്നണിയെ സ്വീകരിക്കുമെന്നും നിലവിലേതിനേക്കാൾ കൂടുതൽ സീറ്റോടെ അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിന് മതിയായ കാരണങ്ങളുണ്ട്. കേരളത്തിന്റെ പൊതുവായ കാര്യങ്ങൾ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നതാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതിൽ നാടിന്‍റെ അനുഭവം വെച്ചാണ് ജനങ്ങൾ വിധിയെഴുതുക.

കഴിഞ്ഞ പത്തുവർഷക്കാലത്തെ അനുഭവം വിലയിരുത്തുമ്പോൾ അതിന് മുമ്പുള്ള അവസ്ഥ ജനങ്ങൾ താരതമ്യം ചെയ്യും. കേരളം ഇന്ന് ലോകോത്തര നിലവാരത്തിലേക്കാണ് എത്തിനിൽക്കുന്നത്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഉൾപ്പടെ കേരളത്തിൽ അത്ഭുതാവഹമായ മാറ്റമാണുണ്ടായത്. ജനറൽ ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന നിലയിലേക്ക് മാറി. അഴിമതി ഏറ്റവും കുറഞ്ഞ നാടാണിത്. കേരളത്തിൽ ഏതെങ്കിലും പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കുന്നതിന് ഇന്നത്തെ കാലത്ത് കൈക്കൂലി കൊടുക്കണോ. പഴയകാലത്ത് ഇതല്ല സ്ഥിതി.

ഇത് കാലത്തിന്റെ മാത്രം മാറ്റമല്ല. അതിൽ എൽ.ഡി.എഫിന്റേതായ പങ്കുണ്ട്. എൽ.ഡി.എഫ് സ്വീകരിച്ച നയമാണ് ആ മാറ്റത്തിനുകാരണം. ഒട്ടേറെ സ്കൂളുകൾ അടച്ചുപൂട്ടാൻ നിൽക്കുമ്പോഴാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ആ വിദ്യാഭ്യാസരംഗമാണ് ഇപ്പോൾ ഫലപ്രദമായി മുന്നേറുന്നത്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ കൈയിൽ പാഠപുസ്തകമുണ്ട് എന്നത് തന്നെയാണ് ഏറ്റവും അടിസ്ഥാനമായ ഉദാഹരണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രത്തിന്‍റേത് അമേരിക്കൻ വിധേയത്വം

തിരുവനന്തപുരം: വെനിസ്വേലയുടെ പരമാധികാരത്തില്‍ കടന്നുകയറിയ നടപടിയെ നിസ്സാരവല്‍ക്കരിക്കാനും അമേരിക്കന്‍ വിധേയത്വം പ്രകടിപ്പിക്കാനുമുള്ള ത്വരയാണ് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസാക്ഷിയെ അമ്പരപ്പിച്ച സാമ്രാജ്യത്വ നീക്കത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം ഇതുസംബന്ധിച്ച വിദേശ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ അമേരിക്കയുടെ പേരുപോലും പരാമര്‍ശിച്ചിട്ടില്ല. ഓരോ ദിവസവും ഇന്ത്യയെയും നമ്മുടെ പരമാധികാരത്തെയും അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കാന്‍ പോലും കേന്ദ്രസര്‍ക്കാറിന് സാധിക്കുന്നില്ല.

രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും അതേവഴിയിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ വീണ്ടും ഉയര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴും ട്രംപിന്‍റെ പേരില്‍ ഒരു റോഡ് തന്നെ ഉണ്ടാക്കാന്‍ മത്സരബുദ്ധി കാണിക്കുകയായിരുന്നു തെലങ്കാനയിലെ കോണ്‍ഗ്രസ്. ഇതില്‍ ആരും അത്ഭുതപ്പെടുന്നില്ല. അമേരിക്കയുടെ ഫണ്ടിങ്ങോടെ സി.ഐ.എ ആസൂത്രണംചെയ്ത വിമോചന സമരം എന്ന അട്ടിമറി സമരം നടത്തിയവര്‍ക്ക് അതേ ചെയ്യാനാവൂ. അന്ന് സി.ഐ.എയില്‍ നിന്ന് ഫണ്ട് വാങ്ങിയവരില്‍ പ്രമുഖ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവയുടെ പ്രേതങ്ങളും ഇന്ന് നമ്മുടെ നാട്ടിലെ മാധ്യമ രംഗം നിയന്ത്രിക്കുന്നുണ്ട്. അത്തരം മാധ്യമങ്ങളും വെനിസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് മധുരം പുരട്ടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ.ബി. കോശി കമീഷന്‍ റിപ്പോർട്ടിൽ ആശങ്കവേണ്ട

തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക-പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോർട്ട് നടപ്പാക്കുന്നതിൽ ആർക്കും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കിയതിലെ പുരോഗതി ചര്‍ച്ചചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. കമീഷന്‍ സമര്‍പ്പിച്ച 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളുമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. 17 വകുപ്പുകള്‍ പൂര്‍ണമായി ശിപാര്‍ശ നടപ്പാക്കുകയും 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ന്നുള്ളവ വേഗത്തിൽ പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറിതലത്തിൽ സെക്രട്ടറിമാരുടെ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസുകാർ വർഗീയത കളിക്കുകയും അത് മൂടിവെക്കുകയും ചെയ്യുന്നവർ

തിരുവനന്തപുരം: തരാതരംപോലെ വർഗീയത കളിക്കുകയും അത് മൂടിവെക്കുകയും ചെയ്യുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും നാടിന്‍റെ ചരിത്രം ഓർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം നേതാവ് എ.കെ. ബാലന്‍റെ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് ബാലനെ ന്യായീകരിച്ച മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.

മാറാട് കലാപം അതിനിഷ്ഠുരമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി അവിടം സന്ദർശിക്കാൻ പോയപ്പോൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വരാൻ പാടില്ലെന്ന് ആർ.എസ്.എസ് നിബന്ധന വെച്ചു. ആന്‍റണി അവരുടെ അനുവാദം വാങ്ങി പോകുന്ന അവസ്ഥയാണുണ്ടായത്. പാർട്ടി ഭാരവാഹിയായിരുന്ന താൻ ആരുടെയും അനുമതി വാങ്ങിയല്ല അവിടെ പോയത്. യു.ഡി.എഫ് വർഗീയതയെ എങ്ങിനെ സമീപിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് അവിടെ കണ്ടത്. വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് സ്വീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

കോൺഗ്രസിന്‍റെ ഷിംല സമ്മേളനശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി കേരളത്തിലെത്തി പറഞ്ഞത് ന്യൂപക്ഷങ്ങൾ സംഘടിതരാണെന്നും സംഘടിത ശക്തി ഉപയോഗിച്ച് അവർ സർക്കാറിൽനിന്ന് കൂടുതൽ ആനുകൂല്യം നേടുന്നെന്നുമാണ്. കെ.പി.സി.സി പ്രസിഡൻറായപ്പോൾ രമേശ് ചെന്നിത്തല സി.കെ. ഗോവിന്ദൻ നായർ അനുസ്മരണത്തിൽ പ്രസംഗിച്ചത് ഓർക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

12ന് സത്യഗ്രഹം

തിരുവനന്തപുരം: കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാറിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹം സംഘടിപ്പിക്കും. മന്ത്രിമാര്‍, എം.എൽ.എമാര്‍, എം.പിമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - Left Front will come to power for the third time -Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.