കോഴിക്കോട്: കേരളം മറക്കാൻ ശ്രമിക്കുന്ന മാറാട് കലാപം എടുത്തിട്ട് വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ട മുൻ മന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചതോടെ കൃത്യമായി ആസൂത്രണം ചെയ്ത പ്രസ്താവനയാണ് ബാലൻ നടത്തിയതെന്ന് വ്യക്തമാകുന്നു.
ബി.ജെ.പി പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ ബാലന്‍റെ പ്രസ്താവനയെ പിന്തുണച്ചതു സംബന്ധിച്ച ചോദ്യത്തിന് ഞങ്ങൾ മതനിരപേക്ഷതക്കു വേണ്ടിയാണ് ഇത് പറയുന്നതെന്നും ബി.ജെ.പിക്ക് വേറെ ഉദ്ദേശ്യമുണ്ടാകുമെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് എന്നതും കൗതുകകരമാണ്. മാറാട് കലാപ വേളയിൽ മന്ത്രിയായിരുന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ അവിടേക്ക് അയക്കാതെ തടഞ്ഞത് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ, ഇതിൽ ജമാഅത്തെ ഇസ്ലാമിയുടെ റോൾ എന്താണെന്ന് മനപ്പൂർവം വിസ്മരിച്ചു.
അനിഷ്ടസംഭവമുണ്ടായ കടപ്പുറത്ത് മുസ്ലിം നേതാക്കളെ ആരെയും കടത്തിവിടാതിരുന്ന സമയത്ത് കടപ്പുറം സന്ദർശിച്ച് സമാധാന ശ്രമത്തിന് ആക്കം കൂട്ടിയത് അന്നത്തെ ജമാഅത്തെ ഇസ്ലാമി അമീർ കെ.എ. സിദ്ദീഖ് ഹസനായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് ജമാഅത്തെ ഇസ്ലാമിയെ ചേർത്ത് മാറാട് കലാപം ആവർത്തിക്കുമെന്ന് എ.കെ. ബാലൻ പറഞ്ഞത്. ഇതിനെയാണ് ലീഗിനെക്കൂടി ചേർത്ത് മുഖ്യമന്ത്രി വ്യാഖ്യാനിച്ചത് എന്നതാണ് മറ്റൊരു കൗതുകം.
മാറാട് കലാപത്തെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച് അരയസമാജം ഭാരവാഹികളുമായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി സംസാരിക്കുന്ന ജമാഅത്തെ ഇസ്ലാമി അമീർ കെ.എ. സിദ്ദീഖ് ഹസൻ
രണ്ടാം പിണറായി സർക്കാർ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കാൻ തുടങ്ങിയതു മുതൽ ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും യു.ഡി.എഫുമായി ചേർത്ത് ധ്രുവീകരണ ശ്രമങ്ങൾ നടത്തുന്നതായി ആരോപണമുയർത്തുന്നുണ്ട്. മാത്രവുമല്ല, ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ. ശൈലജ എന്ന കരുത്തുറ്റ സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടും ക്ലച്ച് പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു.
തുടർന്ന് പാലക്കാട്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകളിലും വർഗീയ കാർഡിറക്കി അതിജീവനത്തിന് ശ്രമിച്ചു. മൂന്നിടത്തും കനത്ത പരാജയമേറ്റു വാങ്ങിയിട്ടും പാഠം പഠിക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ വോട്ട് ലക്ഷ്യമാക്കി ഇതേ കാർഡുമായി ധ്രുവീകരണത്തിന് ശ്രമിച്ചെങ്കിലും ചരിത്ര പരാജയം ഏറ്റുവാങ്ങി. സി.പി.എം പുനർവിചിന്തനത്തിന് തയാറാകണമെന്ന ആവശ്യം പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്നുതന്നെ ഉയർന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ആസൂത്രണം ചെയ്യുന്നതും ഇതുതന്നെയാണെന്നാണ് എ.കെ. ബാലന്‍റെ പ്രസ്താവനയെ മുഖ്യമന്ത്രി പിന്തുണച്ചതിലൂടെ വ്യക്തമാകുന്നത്.
ഭരണ പരാജയവും ശബരിമല കൊള്ള ഉൾപ്പെടെയുള്ള അഴിമതിയും പ്രതിപക്ഷം ആയുധങ്ങളാക്കി ആഞ്ഞടിക്കുമ്പോൾ സി.പി.എം കനത്ത പ്രതിരോധത്തിലാണ്. പ്രത്യേകിച്ച് ശബരിമല കൊള്ള കീറാമുട്ടിയായി പാർട്ടിക്ക് മുകളിൽ തൂങ്ങിനിൽക്കുകയാണ്. പാർട്ടി നേതാക്കൾ തന്നെ പ്രതികളായി ജയിലിലായെങ്കിലും അവരെ തള്ളിപ്പറയാൻ പാർട്ടിക്കാവാത്തത് ഉന്നതർക്ക് പങ്കുള്ളതിനാലാണെന്ന് അരിയാഹാരം കഴിക്കുന്നവരൊക്കെ വിശ്വസിക്കുന്ന ഘട്ടത്തിൽ വിഷയം മാറ്റിപ്പിടിക്കേണ്ടത് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ആവശ്യമാണ്. പക്ഷേ, അതിന് മതേതര കേരളം മറക്കാൻ ശ്രമിക്കുന്ന മാറാട് കലാപം അടക്കം എടുത്തിട്ട് ധ്രുവീകരണത്തിന് ശ്രമം നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.