തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറും മലയാളിയുമായ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കിയത്. റെയ്ഡ് വിവരങ്ങൾ ചോർത്തൽ, കേസുകൾ ഒതുക്കിത്തീർക്കാൻ കൈകൂലി വാങ്ങൽ, കർത്തവ്യ നിർവഹണത്തിലെ വീഴ്ച അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്. അഞ്ചുവര്‍ഷം സർവീസ് ബാക്കി നില്‍ക്കെയാണ് ധനകാര്യമന്ത്രാലയത്തിന്റെ നടപടി.
എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നാണ് പി. രാധാകൃഷ്ണന്‍റെ വാദം. സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണഘട്ടത്തിൽ തന്നെ കൊച്ചി സോണൽ ഓഫിസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പി. രാധാകൃഷ്ണനെതിരെ ആരോപണമുയർന്നിരുന്നു. കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ഇ.ഡി ഉദ്യോഗസ്ഥർ സർക്കാറുമായി ഒത്തുകളിക്കുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ 30 കോടി രൂപ ആവശ്യപ്പെട്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷും ആരോപിച്ചു.
പിന്നാലെ രാധാകൃഷ്ണനെ പ്രമോഷനോടെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. പക്ഷെ രണ്ടു വര്‍ഷത്തിന് ശേഷം അദ്ദേഹം കൊച്ചിയിലേക്ക് തന്നെ തിരിച്ചെത്തി. എന്നാൽ ഈ സമയത്താണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് ഉണ്ടാകുന്നത്. തുടര്‍ന്ന് രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റി. തനിക്കെതിരെ പ്രതികാരനടപടിയാണെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇത് തള്ളുകയായിരുന്നു.
കിഫ്ബി മസാല ബോണ്ട് കേസിന്റെ അന്വേഷണത്തിൽ പി. രാധാകൃഷ്ണൻ പങ്കാളിയായിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ച സംഘത്തിലും അംഗമായിരുന്നു. സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ കേസിൽ കുടുക്കാൻ പ്രതികൾക്കെതിരെ സമ്മർദം ചെലുത്തിയതായി ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.