പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്ക് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗും കോൺഗ്രസും വെവ്വേറെ മത്സരിച്ചതോടെ ലീഗ് പാനൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‍ലിം ലീഗ് അനുകൂല സംഘടനയായ കോ ഒാപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്.
കോൺഗ്രസ് അനുകൂല സംഘടനയായ കോ ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 11 സീറ്റിൽ രണ്ടു പേരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ശേഷിക്കുന്ന ഒമ്പത് ജനറൽ സീറ്റിലേക്കും മൂന്ന് വനിത സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
350ഓളം വോട്ടുള്ള സൊസൈറ്റിയിൽ 208 പേർ വോട്ടുചെയ്തു. 205 വോട്ടുവരെ ലീഗ് അനുകൂല പാനൽ നേടി. അഞ്ചു വർഷത്തേക്കാണ് ഭരണസമിതി കാലാവധി. അധ്യക്ഷനെ വെള്ളിയാഴ്ച തെരഞ്ഞെടുക്കും. 1978 മുതലുള്ള സൊസൈറ്റിയിൽ പതിവായി യു.ഡി.എഫ് ഭരണസമിതിയാണ് തെരഞ്ഞെടുക്കപ്പെടാറ്.
11 അംഗ ഭരണസമിതിയിൽ അഞ്ചുപേർ കോൺഗ്രസിൽ നിന്നും ആറുപേർ ലീഗിൽ നിന്നുമാണുണ്ടാവാറ്. എന്നാൽ, സൊസൈറ്റിയിൽ കോൺഗ്രസ് അംഗത്വം നാമമാത്രമാണെന്നും നാലു സീറ്റേ നൽകാനാവൂ എന്നും ലീഗ് അനുകൂല സംഘടന അറിയിച്ചിരുന്നു. നിലവിലെ സ്ഥിതി തുടരണമെന്ന കോൺഗ്രസ് സംഘടന ആവശ്യം പരിഗണിച്ചില്ല.
എട്ടുപേരുടെ പത്രിക നൽകിയെന്നും അഞ്ചുപേരെ നിലനിർത്തി മൂന്നു പേരെ പിൻവലിച്ചെന്നും എന്നാൽ മുഴുവൻ സീറ്റിലേക്കും ലീഗ് അനുകൂല സംഘടന പത്രിക നൽകിയതോടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നെന്നും കെ.സി.ഇ.എഫ് പ്രസിഡന്റ് ഇ. അഹമ്മദലി പറഞ്ഞു.
പി. അബ്ദുൽ സലാം, നാസർ കാരാടൻ, പി. നിയാസ് ബാബു, വി. ഫൈസൽ ബാബു, നൗഷാദ് പുളിക്കൽ, റഫീഖ് പറമ്പുർ എന്നിവർ ജനറൽ സീറ്റിലേക്കും ടി. നൂർജഹാൻ, ശരീഫ ഷഹാർബാൻ, ഷാനിബ എന്നിവർ വനിത സംവരണത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നിക്ഷേപക സംവരണത്തിലേക്ക് ഇ.കെ. കുഞ്ഞി മുഹമ്മദിനെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.