കോഴിക്കോട്: പി.എം ശ്രീ പദ്ധതി കരാറിൽനിന്ന് പിൻവാങ്ങണമെന്ന് സാംസ്കാരിക നായകർ. സംസ്ഥാനത്ത് നടപ്പാക്കാൻ പാകത്തിൽ മാതൃകാ സ്കൂളുകൾ തിരഞ്ഞെടുക്കുകയും കരാറിൽ ഒപ്പുവെച്ചശേഷം ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നുവെന്നു പറയുന്നതും അഭികാമ്യമല്ല. ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പാക്കുന്നതിന്റെ വിജയപ്രദർശനം എന്ന നിലയിലാണ് പി.എം ശ്രീ വിഭാവനം ചെയ്തിട്ടുള്ളത്. സർവശിക്ഷ അഭിയാൻ (എസ്.എസ്.എ) പദ്ധതിയുടെ പണം വിട്ടുനൽകാൻ പി.എം ശ്രീയിൽ ഒപ്പുവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ കടുംപിടിത്തത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടത്.
കേന്ദ്ര സർക്കാറിന്റെ ഭീഷണിക്കു മുന്നിൽ നാണംകെട്ട കീഴടങ്ങലിന് തയാറായ സംസ്ഥാന സർക്കാർ ഫെഡറലിസത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കാൻ കൂട്ടുനിൽക്കുകയാണ്. നയപരമായ മാറ്റം എവിടെയും ചർച്ചചെയ്തല്ല തീരുമാനിച്ചത്. മന്ത്രിസഭയെത്തന്നെ ഇരുട്ടിൽ നിർത്തി. മന്ത്രിസഭ മാറ്റിവെച്ച പദ്ധതിയുടെ ധാരണപത്രത്തിലാണ് വകുപ്പു സെക്രട്ടറി ഒപ്പുവെച്ചത്. കളങ്കിതമായ ധാരണപത്രം വഴി കൈവരുന്ന 1500 കോടി രൂപയെക്കാൾ വിലയുണ്ട് നാം ഉയർത്തിപ്പിടിച്ചുപോന്ന മൂല്യങ്ങൾക്ക്. അതുകൊണ്ട് ഉടൻ കരാറിൽനിന്ന് പിൻവാങ്ങണമെന്ന് അവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
കെ. സച്ചിദാനന്ദൻ, കെ.ജി.എസ്, ബി. രാജീവൻ, സാറാ ജോസഫ്, ജെ. ദേവിക, എം.എൻ. കാരശ്ശേരി, യു.കെ. കുമാരൻ, ജോയ് മാത്യു, കൽപറ്റ നാരായണൻ, ഡോ. എം.വി. നാരായണൻ, ജെ. പ്രഭാഷ്, ഹമീദ് ചേന്ദമംഗലൂർ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, അജിത, പ്രിയനന്ദനൻ, പി.ടി. കുഞ്ഞുമുഹമ്മദ്, വത്സലൻ വാതുശ്ശേരി, സാവിത്രി രാജീവൻ, ആലങ്കോട് ലീലാകൃഷ്ണൻ, വി.എസ്. അനിൽകുമാർ, പി.പി. രാമചന്ദ്രൻ, ഡോ. കെ.എസ്. മാധവൻ, ഡോ. ഖദീജ മുംതസ്, ഡോ. പി.കെ. പോക്കർ, വി.ആർ. സുധീഷ്, കെ.സി. ഉമേഷ്ബാബു, പി. സുരേന്ദ്രൻ, വീരാൻകുട്ടി, സി.ആർ. നീലകണ്ഠൻ, എം. ജ്യോതിരാജ്, ഡോ. കെ.ജി. താര തുടങ്ങി 80ഓളം പേർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.