പേരാമ്പ്രയിൽ ആശങ്കയില്ലെന്ന് എളമരം കരീം;‘അടിയൊഴുക്ക് ഉണ്ടായോ എന്ന് അറിയില്ല, ബേപ്പൂരിൽ അൻവർ പ്രചാരണത്തിൽ ഓളം ഉണ്ടാക്കി’

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫിന്റെ പ്രകടനം മികച്ചതാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. ലഭ്യമായ റിപ്പോർട്ടുകൾ ​വെച്ച് പരിശോധിച്ചപ്പോൾ സംസ്ഥാനത്താകെ 90-ലേറെ സീറ്റുകൾ എൽ.ഡി.എഫ് നേടും. പേരാമ്പ്രയിൽ യാതൊരു ആശങ്കയുമില്ലെന്നും എളമരം കരീം.

ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ പ്രചാരണത്തിൽ ഓളം ഉണ്ടാക്കി, എന്നാൽ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അമ്പലപ്പുഴയിൽ ഒന്നും പറയാറായില്ല. അടിയൊഴുക്ക് ഉണ്ടായോ എന്ന് അറിയില്ല. എലത്തൂരിൽ ശക്തമായ മത്സരമാണ് നടന്നത്. ജയിക്കുമെന്നാണ് ജില്ല കമ്മറ്റി വിലയിരുത്തൽ. പി.കെ. ശശി മൂന്നാം സ്ഥാനത്താകുമെന്നും എളമരം കരീം പറഞ്ഞു. എന്നാൽ പേരാമ്പ്രയിലെ ഉറപ്പ് അമ്പലപ്പുഴ ഇല്ലെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ചിരിയായിരുന്നു പ്രതികരണം.

വിജയ സാധ്യത നാല് മണ്ഡലങ്ങളിൽ മാത്രമെന്ന് വിലയിരുത്തൽ

കോഴിക്കോട് ജില്ലയിൽ സി.പി.എം കണക്ക് പ്രകാരം വിജയ സാധ്യത നാല് മണ്ഡലങ്ങളിൽ മാത്രമെന്ന് വിലയിരുത്തൽ. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സി.പി.എം ജയം ഉറപ്പിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമെന്നാണ് സി.പി.എം വിലയിരുത്തൽ. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. വടകരയിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ നിർണായകമാകും. പേരാമ്പ്രയിലും കുറ്റ്യാടിയിലും ഇടതു സ്ഥാനാർത്ഥികൾ കണക്കിൽ പിന്നിലെങ്കിലും വ്യക്തിഗത വോട്ട് കൂടി ലഭിച്ചാൽ ജയിച്ചു കയറുമെന്നും സി.പി.എം വിലയിരുത്തുന്നു. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ വാശിയേറിയ മത്സരമാണ് നടന്നതെന്നും സി.പി.എം വിലയിരുത്തുന്നു.

മൂന്നുവിഭാഗമായി തിരിച്ചാണ് എൽ.ഡി.എഫ് കണക്കെടുപ്പ് നടത്തിയത്. സി.പി.എം കമ്മിറ്റികളാണ് പ്രധാനമായും കണക്കെടുപ്പ് നടത്തിയത്. പാർട്ടി അംഗങ്ങൾ, ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ, വർഗബഹുജനസംഘടനാ ഭാരവാഹികൾ, വിശ്വസ്തരായ അനുഭാവികൾ എന്നിവരുടെ വോട്ടുകൾ, ഇടതുമുന്നണിക്ക് വോട്ടുചെയ്യാൻ സാധ്യതയുള്ള പൊതുജനങ്ങൾ, സ്ഥാനാർഥിയുടെ മികവിലൂടെ വ്യക്തിപരമായി ആർജിക്കുന്ന വോട്ടുകൾ എന്നിങ്ങനെ തരംതിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഇതുപ്രകാരം കോഴിക്കോട് നോർത്തിൽ ശക്തമായ മത്സരം നടന്നെങ്കിലും 2000 വോട്ടിന് എൽ.ഡി.എഫ്. മുന്നിലാണെന്നാണ് കണക്ക്. അതേപോലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിലെ കെ.എം. സച്ചിൻദേവും യു.ഡി.എഫിലെ സൂരജും തമ്മിൽ ശക്തമായ മത്സരമാണ് നടന്നത്. എന്നാലും 2500 വോട്ടിന് എൽ.ഡി.എഫ്. മുന്നിലാണ്.

ബേപ്പൂരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും പി.വി. അൻവറും തമ്മിൽ നടന്ന അങ്കത്തിൽ റിയാസിന് വിജയം ഉറപ്പിക്കാമെന്ന വിലയിരുത്തലിലാണ് പാർട്ടി. 5000-ത്തിലേറെ വോട്ടിന് ബേപ്പൂരിൽ മുന്നിലാണ്. അതേപോലെ മന്ത്രി എ.കെ. ശശീന്ദ്രനും യു.ഡി.എഫിലെ വിദ്യാ ബാലകൃഷ്ണനും ഏറ്റുമുട്ടിയ എലത്തൂരിലും അയ്യായിരം വോട്ടിന് കണക്കുപ്രകാരം ഇടതുമുന്നണി മുന്നിലാണ്. എന്നാൽ, ഈ കണക്കുകൾ ശരിയല്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ് പറയുന്നു. ഇത്തരം വാർത്തകൾ മെയ് നാലാം തീയ്യതിവരെ യു.ഡി.എഫിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് മെഹബൂബ് പറഞ്ഞു.

Tags:    
News Summary - LDF's chances of winning Kozhikode are only in four constituencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.