മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ കൊടിയ ഭീകരസംഘടനയായി ചിത്രീകരിക്കുന്നതിനു പകരം നിലമ്പൂരിലെ പരാജയത്തിന്റെ യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് എൽ.ഡി.എഫ് ചെയ്യേണ്ടതെന്ന് നാഷനൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയം തിരുത്തൽ നടത്താനുള്ള അവസരമാക്കുകയായിരുന്നു യഥാർഥത്തിൽ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം ജമാഅത്തെ ഇസ്ലാമിയെ കൊടിയ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം വിപരീത ഫലമാണ് ചെയ്യുക. അത് അപ്പടി വിശ്വസിക്കാൻ ആരും തയാറാവില്ല.
ജമാഅത്തെ ഇസ്ലാമി എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന കാലത്തേതിനേക്കാൾ പ്രത്യേകമായ ‘ഭീകരത’യെന്നും അതിലുണ്ടായതായി ആർക്കും അറിയില്ല. എൽ.ഡി.എഫിനെതിരിൽ ഒട്ടനവധി ആരോപണങ്ങൾ ഉന്നയിച്ചത് ഒമ്പതു വർഷം സി.പി.എമ്മിന്റെ എം.എൽ.എയായിരുന്ന പി.വി. അൻവറാണ്. അതിൽ ചിലതൊക്കെ ശരിയാണ് എന്നുള്ള തോന്നൽ പൊതുവേ ഇടതുപക്ഷ വോട്ടർമാർക്കടക്കം ഉണ്ടായിട്ടുണ്ട്.
അത്തരം വിഷയങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ വാഴ്ത്തുപാട്ടുകാരുടെ പാട്ട് കേട്ട് നിർവൃതിയടഞ്ഞാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലും നിലമ്പൂർ ആവർത്തിക്കും. ഒരു മുസ്ലിം സംഘടനയെയും അനാവശ്യമായി ഭീകരവാദ ചാപ്പ കുത്തരുതെന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നിലപാടിനൊപ്പമാണ് താനുള്ളതെന്ന് കെ.പി. ഇസ്മായിൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.