തിരുവനന്തപുരം: കേരള വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്ന വികസന നയരേഖക്ക് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ അന്തിമ അംഗീകാരം നൽകി. ഘടകകക്ഷി പ്രതിനിധികൾ അഭിപ്രായങ്ങൾ രേഖാമൂലം നൽകി. എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞതുൾപ്പെടെ വികസനകാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുനയം രൂപവത്കരിക്കുകയാണ് നയത്തിലൂടെ ചെയ്തതെന്ന് യോഗതീരുമാനം വിശദീകരിക്കവെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.
ഓരോ വകുപ്പിലെയും മന്ത്രിമാർ ഈ നയത്തിനനുസരിച്ച് വകുപ്പിനെ ശക്തിപ്പെടുത്തണം. കാർഷികരംഗം വിപുലീകരിക്കാനുള്ള പദ്ധതികൾ രൂപവത്കരിക്കണമെന്ന് നയരേഖ നിർദേശിക്കുന്നു. ഐ.ടി മേഖലയുടെ കുതിച്ചുചാട്ടത്തിനുള്ള നടപടികളുമുണ്ടാകണം. കേന്ദ്ര സർക്കാർ നിലപാടുകൾ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങളും രേഖ ശിപാർശ ചെയ്യുന്നു. സാമൂഹികക്ഷേമ പെൻഷനുകളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കും, അംഗൻവാടികളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കും, 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനും വീട്ടമ്മമാർക്ക് പെൻഷൻ നൽകാനും നടപടികൾ, അംഗവാടികളുടെ ശാക്തീകരണം, താലൂക്കാശുപത്രികളിൽ നഴ്സിങ് സ്കൂളുകൾ തുടങ്ങൽ, നദി-കായൽ സംരക്ഷണം, അന്ധവിശ്വാസത്തിനെതിരെ ബോധവത്കരണം തുടങ്ങിയ കാര്യങ്ങളും നയരേഖയിലുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയിൽ വിദേശനിക്ഷേപമാകാമെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി.പി.എമ്മിന്റെ നയംമാറ്റമല്ലെന്നും കാലത്തിനനുസരിച്ച മാറ്റമാണെന്നും എൽ.ഡി.എഫ് യോഗതീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
വിദേശ സർവകലാശാലകൾ വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വർധിക്കുമെങ്കിൽ പരിഗണിക്കാം. സ്വകാര്യ നിക്ഷേപം ആകാമെന്നുതന്നെയാണ് നിലപാട്. ലോകത്തിലാകെ പുരോഗതി വരുമ്പോൾ അതിനൊപ്പം സഞ്ചരിക്കണം. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്ന് സ്വാശ്രയസമരത്തെക്കുറിച്ച് ഇ.പി. ജയരാജൻ പ്രതികരിച്ചു. സ്വകാര്യ സർവകലാശാലകളെ നിരുത്സാഹപ്പെടുത്തില്ല. കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാൽ മാത്രം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.