കൊച്ചി: കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ കോടതി ബെഞ്ച് ബഹിഷ്കരിക്കാനുള്ള തീരുമാനം ഹൈകോടതി അഭിഭാഷക അസോസിയേഷൻ പിൻവലിച്ചു. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ചേർന്ന പൊതുയോഗമാണ് ബഹിഷ്കരണം വേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതേസമയം, അഭിഭാഷകരോട് നിരന്തരം മോശമായി പെരുമാറുന്നതിനാൽ ജസ്റ്റിസ് ബദറുദ്ദീനെ മറ്റേതെങ്കിലും ഹൈകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കാൻ അസോസിയേഷൻ തീരുമാനിച്ചു. അസോസിയേഷന്റെ അറിവില്ലാതെ അഭിഭാഷകയുടെ സാന്നിധ്യത്തിൽ വിഷയം ഒത്തുതീർപ്പാക്കിയതിന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിനെ അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ വെച്ച് ജസ്റ്റിസ് ബദറുദ്ദീൻ അഭിഭാഷകയോട് കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ തുടർനടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് അഭിഭാഷക കത്തും നൽകി. അസോസിയേഷൻ ചീഫ് ജസ്റ്റിസിന്റെ തീരുമാനം കാക്കുന്നതിനിടെ, സീനിയർ അഭിഭാഷകൻ പിൻവാതിലിലൂടെ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന വിമർശനമുയർന്നതിനെ തുടർന്നാണ് സസ്പെൻഷൻ തീരുമാനം.
ഇ-ഫയലിങ് കർശനമായി നടപ്പാക്കിയിട്ടും കോടതി നടപടികളുടെ വിഡിയോ റെക്കോഡിങ്ങിന് നടപടിയില്ലാത്തതും ചർച്ചയിൽ ഉയർന്നുവന്നു. കോടതി നടപടികളുടെ സുതാര്യത ഉറപ്പുവരുത്താൻ മറ്റ് സംസ്ഥാനങ്ങളിലെ പോലെ വിഡിയോ റെക്കോഡിങ് സമയബന്ധിതമായി നടപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭാവിയിൽ കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചു. അതേസമയം, തിങ്കളാഴ്ച കോടതിയിലെത്തിയ ജസ്റ്റിസ് ബദറുദ്ദീൻ പരിഗണനക്കെത്തിയ കേസുകളെല്ലാം ഉച്ചക്കുമുമ്പേ പൂർത്തിയാക്കി ചേംബറിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.