93ാമത് ശിവഗിരി തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വർക്കല: ഒരു മതത്തിന്റെ രാഷ്ട്രം എന്ന സങ്കൽപം ‘പലമതസാരവുമേകം’ എന്നുപഠിപ്പിച്ച ഗുരുവിന്റെ വചനങ്ങളുമായി പൊരുത്തപ്പെടില്ലെന്നും അത് ഗുരുനിന്ദയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരിയിൽ 93ാമത് തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവിധ ജാതി, മത വിഭാഗങ്ങളുടെ വിഘടിച്ചുനിന്നുള്ള ഏകീകരണം ജനാധിപത്യ, മതേതര സങ്കൽപങ്ങളെ ദുര്‍ബലപ്പെടുത്തും.
ജനാധിപത്യ-മതേതര രാഷ്ട്രഘടന നിലനില്ക്കാന് ഗുരുസന്ദേശവും അതുമായി വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോവുന്ന പുരോഗമന ശക്തികളുടെ സന്ദേശവും സമന്വയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ഇങ്ങനെയുള്ള ഒരു സമന്വയമുണ്ടാവുന്നതിനെ ഭയക്കുന്ന ശക്തികള്‍ ഇവിടെയുണ്ട്. അതു സ്വത്വവാദാടിസ്ഥാനത്തില്‍ ജനസമൂഹത്തെ ഭിന്നിപ്പിക്കുകയും അങ്ങനെ അധികാരം നിലനിര്‍ത്താമെന്നു കരുതുകയും ചെയ്യുന്നവരാണ് -മുഖ്യമന്ത്രി പറഞ്ഞു.
ഗുരദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ജാതി, മത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തെ, ഒരുമയെ, സാഹോദര്യത്തെ, മൈത്രിയെ എല്ലാം ലോകത്തിന് കാട്ടിക്കൊടുത്ത യഥാർഥ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരു. വിദ്യാഭ്യാസ മേഖലയിൽ ഗുരുദർശനങ്ങളെ നടപ്പാക്കിയതും ഗുരുദർശനങ്ങളെ ഭരണത്തിലേക്ക് സ്വാംശീകരിച്ചതും ഇ.എം.എസ് മുതലുള്ള ഇടതുസർക്കാറുകളാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വർക്കല: ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നിരാകരിച്ച് മാന്യതയുടെ രാഷ്ട്രീയത്തെ സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവഗിരിയിൽ 93ാമത് തീർഥാടന സമ്മേളനത്തിൽ വിശ്ഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം വിദ്വേഷത്തെ വർധിപ്പിക്കും. മൗനം അനീതിയെ ന്യായീകരിക്കും. സംഭാഷണം ജനാധിപത്യത്തെ ശക്തിപ്പെടുത്തും.
ഇന്നത്തെ ഇന്ത്യ ഒരു വിരോധാഭാസത്തെ അഭിമുഖീകരിക്കുന്നുണ്ട്. സാമ്പത്തിക വളർച്ച, ഡിജിറ്റൽ വികാസം, ആഗോള സ്വാധീനം എന്നിവയിൽ അഭിമാനിക്കുമ്പോഴും സാമൂഹിക ഐക്യദാർഢ്യം ദുർബലമാവുകയും വിദ്വേഷം സാധാരണമാക്കപ്പെടുകയും ചെയ്യുന്നു. രാജ്യത്ത് ജാതി അപ്രത്യക്ഷമായിട്ടില്ല. പക്ഷേ, അതിന്റെ വ്യാകരണം മാറ്റി. വർഗീയത അധികാര ശ്രേണിയെക്കുറിച്ച് തുറന്നുപറയുന്നില്ല. അത് സ്വത്വത്തിന്റെയും ഭയത്തിന്റെയും ഭൂരിപക്ഷ അഭിമാനത്തിന്റെയും ഭാഷയാണ് സംസാരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
നാരായണ ഗുരു ഈ അപകടം മുൻകൂട്ടി കണ്ടിരുന്നു. മതത്തെ അനുകമ്പയിൽനിന്നും ധാർമികതയിൽനിന്നും വേർപ്പെടുത്തുമ്പോൾ അത് ആധിപത്യത്തിന്റെ ഉപകരണമായി മാറുമെന്നും അദ്ദേഹം മനസ്സിലാക്കി. ശിവഗിരി മഠത്തിന് കർണാടകയിൽ ആശ്രമം നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. കർണടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശിഷ്ടാതിഥിയായി പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, അഡ്വ. അടൂർ പ്രകാശ് എം.പി, ഗോകുലം ഗോപാലൻ, തീർഥാടന കമ്മിറ്റി ചെയർമാൻ ഡോ. എ.വി.അനൂപ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, കെ. മുരളീധരൻ, നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രി വി.എൻ. വാസവൻ, കർണാടക വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ, അഡ്വ. വി. ജോയി എം.എൽ.എ, മുൻ എം.എൽ.എ വർക്കല കഹാർ, സ്വാമി സൂക്ഷ്മാനന്ദ എന്നിവരും സംബന്ധിച്ചു. ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.