സമരപ്പന്തലുകള്‍ നീക്കണമെന്ന ഹരജിയില്‍ ഹൈകോടതി ഇടപെട്ടില്ല

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രവേശന കവാടത്തിലും കാമ്പസ് പരിസരത്തും സ്ഥാപിച്ച സമരപ്പന്തലുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നല്‍കിയ ഉപഹരജിയില്‍ ഹൈകോടതി ഇടപെട്ടില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ നല്‍കിയ ഹരജിയില്‍ മതിയായ സംരക്ഷണം നല്‍കാനും കോളജിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ച സാഹചര്യത്തില്‍ മറ്റൊരു ഉത്തരവിന്‍െറ ആവശ്യമില്ളെന്ന് വ്യക്തമാക്കിയാണ് ഉപഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്.

പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രവേശനം ഉറപ്പുവരുത്തണമെന്നാണ് നിലവില്‍ ഉത്തരവുള്ളത്. ഇത് നടപ്പാകുന്നില്ളെന്നും മാനേജ്മെന്‍റ് പ്രതിനിധികളടക്കമുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ളെന്നും പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. സമരം തുടങ്ങിയതു മുതല്‍ കോളജ് അടഞ്ഞു കിടക്കുകയാണെന്നും ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കാതെ സമാധാനപരമായാണ് സമരം നടത്തുന്നതെന്നും ഹരജി പരിഗണിക്കവെ വിദ്യാര്‍ഥി സംഘടനകള്‍ ബോധിപ്പിച്ചു.

ലോ അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ പേരൂര്‍ക്കട സി.ഐയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ബോധിപ്പിച്ചു. തങ്ങള്‍ ആരെയും തടസ്സപ്പെടുത്തില്ളെന്നും വിദ്യാര്‍ഥികള്‍ കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ നല്‍കിയ ഉറപ്പ് രേഖപ്പെടുത്തിയ ശേഷമാണ് ഉപഹരജിയില്‍ ഇടപെടുന്നില്ളെന്ന് കോടതി വ്യക്തമാക്കിയത്.

ഭൂമി അനുവദിച്ചതില്‍ തുടക്കത്തില്‍ എതിര്‍പ്പുണ്ടായി –ഗൗരിയമ്മ

ലോ അക്കാദമിക്ക് സ്ഥലം സര്‍ക്കാര്‍ നല്‍കിയ സമയത്ത് എതിര്‍പ്പുണ്ടായിരുന്നെന്ന് അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. എം.എന്‍. ഗോവിന്ദന്‍നായരാണ് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമെടുത്തത്. വിഷയം തന്‍െറ ശ്രദ്ധയില്‍പെടുകയും ആരോടും ആലോചിക്കാതെ എടുത്ത തീരുമാനത്തില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. അന്ന് ഏതോ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടിയാണ് ഭൂമി നല്‍കിയതെന്നാണ് ഓര്‍മ. പിന്നീടാണ് അക്കാദമിയൊക്കെ ഉണ്ടായത്. ഏകകണ്ഠമായ അഭിപ്രായം ഇല്ലാതായപ്പോഴാണ് കമ്മിറ്റിയുണ്ടാക്കി ഭൂമി കൊടുക്കാന്‍ അന്തിമ തീരുമാനം എടുത്തതെന്നും ഗൗരിയമ്മ പ്രതികരിച്ചു.
സി.പി. രാമസ്വാമിയുടെ കാലത്ത് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിനെതിരെ നിയമമുണ്ടായിരുന്നു. എന്നാല്‍, 57ലെ സര്‍ക്കാര്‍ ആ നിയമം മാറ്റുകയും ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി പതിച്ചുനല്‍കാന്‍ അനുവാദം നല്‍കുകയും ചെയ്തു.
 ഭൂമി അക്കാദമിയില്‍നിന്ന് തിരിച്ചെടുക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യം അത് എഴുതിനല്‍കിയിരിക്കുന്ന രീതിയും ചട്ടങ്ങളും ആശ്രയിച്ചാണിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ആരുടെ ഭൂമിയിലാണെന്ന് അറിയില്ല –ചെന്നിത്തല

തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാറിന്‍െറയാണോ എന്ന് അറിയില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്‍െറയാണോ അല്ളേയെന്ന് ഗവണ്‍മെന്‍റ് അന്വേഷിച്ച് കണ്ടത്തെണം. അതു സംബന്ധിച്ച് അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ല.  അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് റിപ്പോര്‍ട്ട് പുറത്തുവരട്ടെ. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു.  സര്‍ക്കാര്‍ ഇടപെടാത്തതിനാല്‍ സമരം അനിശ്ചിതമായി നീണ്ടുപോവുകയാണ്. സര്‍ക്കാറിന് ഇച്ഛാശക്തിയില്ല. വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത് ന്യായമായ വിഷയങ്ങളാണ്. അതിനാല്‍തന്നെ സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണ്. സെക്രട്ടറിയേറ്റിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള സമരം കണ്ടില്ളെന്നു നടിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Tags:    
News Summary - law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.