തിരുവനന്തപുരം: സർവകലാശാല വി.സി നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന സർവകലാശാല നിയമ (ഭേദഗതി) ബിൽ പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നിയമസഭ പാസാക്കി.
ബില്ലിന് ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യവും നൽകി. വി.സി നിയമനത്തിനായി ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന അഞ്ചംഗ സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ ഉൾപ്പെടുത്തിയത് ഒഴിവാക്കി. പകരം, വൈസ്ചെയർമാൻ നാമനിർദേശം ചെയ്യുന്നയാളെ അംഗമായി ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കൊണ്ടുവന്ന ഭേദഗതി സഭ അംഗീകരിച്ചു. നേരേത്ത വൈസ് ചെയർമാനെ സെർച്ച് കമ്മിറ്റി കൺവീനറാക്കിയ വ്യവസ്ഥയിലും മാറ്റം വരുത്തി. പകരം കമ്മിറ്റിയിലെ സർക്കാർ പ്രതിനിധി കൺവീനറാകും. നിലവിൽ ചാൻസലറാണ് കൺവീനറെ നിയമിക്കുന്നത്. ചാൻസലറുടെ അധികാരം കവരുന്ന ബില്ലിൽ ഇനി ഗവർണർ ഒപ്പിടുമോ എന്നതാണ് നിർണായകം.
സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഒന്നടങ്കം ഹനിച്ച്, സർക്കാറിന് ഇഷ്ടമുള്ള പാവകളെ വി.സിമാരായി നിയമിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അപമാനകരമായ ഈ നിയമനിർമാണത്തിന് സാക്ഷ്യം വഹിക്കാൻ തയാറല്ലെന്ന് വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും പ്രതിപക്ഷം കൂട്ടത്തോടെ ഈ സമയം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്നതോ യു.ജി.സി െറഗുലേഷന് വിരുദ്ധമോ അല്ല നിയമനിർമാണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
വി.സി നിയമനത്തിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ അംഗബലം മൂന്നിൽ നിന്ന് അഞ്ചാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ചാൻസലറുടെ പ്രതിനിധി, സർവകലാശാല സിൻഡിക്കേറ്റ് പ്രതിനിധി, യു.ജി.സി പ്രതിനിധി, സർക്കാർ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നാമനിർദേശം ചെയ്യുന്നയാൾ എന്നിവരായിരിക്കും സെർച്ച് കമ്മിറ്റി അംഗങ്ങൾ. സർക്കാർ പ്രതിനിധി കൺവീനറാകും. കമ്മിറ്റി ഐകകണ്ഠ്യേനയോ ഭൂരിപക്ഷം അംഗങ്ങളോ മൂന്നുപേരുടെ പാനൽ വി.സി നിയമനത്തിനായി ഗവർണർക്ക് സമർപ്പിക്കണം. വി.സിയുടെ നിയമന പ്രായപരിധി 60ൽ നിന്ന് 65 വയസ്സാക്കാനും വ്യവസ്ഥയുണ്ട്. സെർച്ച് കമ്മിറ്റി പാനൽ സമർപ്പിച്ചാൽ 30 ദിവസത്തിനകം ഗവർണർ വി.സിയെ നിയമിക്കണം. സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് ആഗസ്റ്റ് അഞ്ചിനാണ് ഗവർണർ കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത്. ബില്ലിന് ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകിയത് ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി അസാധുവാക്കാൻ ലക്ഷ്യമിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.