ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന് നടരാജപിള്ളയുടെ കുടുംബം

തിരുവനന്തപുരം: പി.എസ്. നടരാജപിള്ള യുടെ സ്വന്തമായിരുന്ന പേരൂര്‍ക്കട ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന് തിരുവനന്തപുരം ശൈവസഭയും പി.എസ്. നടരാജപിള്ളയുടെ കുടുംബാംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. ഈ ഭൂമിയിലെ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായി നടത്തണം. ഹാര്‍വിപുരം ബംഗ്ളാവ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് മനോന്മണീയം സുന്ദരംപിള്ള, പി.എസ്. നടരാജപിള്ള സ്മാരകമായി മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിനു മുമ്പ് ലോ അക്കാദമി നിലനില്‍ക്കുന്ന 12 ഏക്കര്‍ ഭൂമി പി.എസ്. നടരാജപിള്ളയുടെ പൈതൃക സ്വത്തായിരുന്നു. ഹാര്‍വിപുരം ബംഗ്ളാവിലാണ് പ്രഫ. സുന്ദരംപിള്ളയും പിന്നീട് മകനും താമസിച്ചത്. സര്‍ സി.പിക്കെതിരെ പോരാടിയ മുഖ്യനേതാക്കളില്‍ ഒരാളായിരുന്നു നടരാജപിള്ള. സര്‍ സി.പിയാണ് ഇതിന്‍െറ പേരില്‍ ഈ വീടും 12 ഏക്കര്‍ ഭൂമിയും കൃഷി വകുപ്പിനു വേണ്ടി പൊന്നുംവിലയ്ക്കെടുത്തത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഈ ഭൂമി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആദ്യം പാട്ടവ്യവസ്ഥയിലും പിന്നീട് വേറെ ഏതോ വ്യവസ്ഥയിലും ചിലര്‍ കൈവശപ്പെടുത്തി. ശൈവ പ്രകാശ സഭ ഈ വിഷയത്തില്‍ പ്രമേയം പാസാക്കി 2015ല്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കൃഷി വകുപ്പിനു വേണ്ടി എടുത്ത ഭൂമി അതിനായി ഉപയോഗിച്ചില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെട്ടവരോട് കാണിച്ച നിന്ദയാണ് ഈ നടപടി.

സ്വതന്ത്ര ഭാരതത്തില്‍ എവിടെയും ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ളെന്നും അവര്‍ പറഞ്ഞു. നടരാജപിള്ളയുടെ കുടുംബാംഗങ്ങളായ എന്‍. വെങ്കടേശന്‍, എസ്. അരുണാചലം പിള്ള, ഡോ. എസ്. മോട്ടിലാല്‍ നെഹ്റു,  ശൈവ പ്രകാശ സഭ നേതാക്കളായ കെ. രവീന്ദ്രന്‍, ഡോ.കെ. കുറ്റാലം പിള്ള, എസ്.ടി. അരശു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിന്‍ഡിക്കേറ്റിന്‍െറ അടിയന്തര യോഗം ആറിന്

 ലോ അക്കാദമി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍െറ അടിയന്തരയോഗം തിങ്കളാഴ്ച ചേരും. തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല നല്‍കിയ റിപ്പോര്‍ട്ട് മടക്കിയയച്ച സാഹചര്യത്തിലാണ് ഈ യോഗം.

അടിയന്തരയോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആറ് യു.ഡി.എഫ് അംഗങ്ങള്‍ സര്‍വകലാശാലക്ക് കത്തും നല്‍കിയിരുന്നു. പരാതി അന്വേഷിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ 28ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അക്കാദമിക്കും പ്രിന്‍സിപ്പലിനും എതിരെ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സര്‍ക്കാറിന് വിട്ടുകൊടുത്തു. വോട്ടെടുപ്പിലൂടെയായിരുന്നു തീരുമാനം. ആറിനെതിരെ ഒമ്പത് വോട്ടിനായിരുന്നു തീരുമാനം.

സര്‍വകലാശാലാ ചട്ടം അനുശാസിക്കുന്ന തരത്തില്‍ നടപടിയെടുക്കണമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി. ഫലത്തില്‍, ഉപസമിതി റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി തീരുമാനം സര്‍ക്കാറിന് വിട്ടുകൊടുക്കുന്നതിനെതിരെ നിലപാടെടുത്ത ആറ് കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം സാധൂകരിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. റിപ്പോര്‍ട്ട് മടക്കിയതിന് പിന്നാലെ യു.ഡി.എഫ് അംഗങ്ങള്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.

ഇതനുസരിച്ചാണ് 10ാം തീയതി ചേരാന്‍ നേരത്തേ നിശ്ചയിച്ചിരുന്ന സിന്‍ഡിക്കേറ്റ് യോഗം ആറാം തീയതിയിലേക്ക് മാറ്റിയത്.
അതേസമയം, ലോ അക്കാദമി വിദ്യാര്‍ഥികള്‍ക്ക് ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതിലെ അപാകത ഉള്‍പ്പെടെ പരിശോധിക്കാന്‍ പരീക്ഷ ഉപസമിതി ചേരാന്‍ 28ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ കൂടിയിട്ടില്ല.

Tags:    
News Summary - law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.