ലോ അക്കാദമി സമരം ഒത്തുതീർന്നു; പുതിയ പ്രിൻസിപ്പലിന് കാലാവധി നിശ്ചയിക്കില്ല

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ 29 ദിവസം നീണ്ട സമരം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍െറ മധ്യസ്ഥതയില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. തുടര്‍ന്ന് ലോ കോളജിന് മുന്നില്‍ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിജയം ആഘോഷിച്ച് സമരക്കാര്‍ പേരൂര്‍ക്കടയില്‍ ആഹ്ളാദപ്രകടനം നടത്തി. കോളജില്‍ തിങ്കളാഴ്ച മുതല്‍ ക്ളാസ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ. ലക്ഷ്മി നായരെ കോളജ് ഗവേണിങ് കൗണ്‍സില്‍ തീരുമാനപ്രകാരം മാറ്റിയെന്ന് മന്ത്രിയും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും മാനേജ്മെന്‍റ് പ്രതിനിധികളും ചര്‍ച്ചയുടെ അവസാനം ഒപ്പിട്ട കരാറില്‍ പറയുന്നു. പകരം സര്‍വകലാശാല നിയമപ്രകാരം യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ചയിലെ ഉറപ്പില്‍നിന്ന് മാനേജ്മെന്‍റ് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കരാറിലുണ്ട്.

ഇടതുമുന്നണിയുടെ കെട്ടുറപ്പിനെതന്നെ ബാധിക്കുന്ന രൂപത്തില്‍ വളര്‍ന്ന ലോ അക്കാദമി സമരം തീര്‍ക്കാന്‍ കഴിഞ്ഞദിവസം രാഷ്ട്രീയതലത്തില്‍ നീക്കങ്ങള്‍ സജീവമായിരുന്നു. വിഷയം വിവിധതലങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥിനെയും വി.എസ്. സുനില്‍കുമാറിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി വി.എസ്. സുനില്‍കുമാറും വിദ്യാര്‍ഥികളുമായി ചര്‍ച്ചനടത്തി. രാവിലെ 11.30ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും മാനേജ്മെന്‍റ് പ്രതിനിധികളെയും വിദ്യാഭ്യാസമന്ത്രി ചര്‍ച്ചക്ക് വിളിച്ചു.

പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്മെന്‍റ് തീരുമാനിക്കുകയും പുതിയനിയമനത്തിന് വിജ്ഞാപനം നടത്തുകയും ചെയ്തെന്ന് മന്ത്രി അറിയിച്ചു. പുതിയ പ്രിന്‍സിപ്പല്‍ വരുന്ന സാഹചര്യത്തില്‍ സമരത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍, കഴിഞ്ഞചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് മന്ത്രി ആവര്‍ത്തിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ളെന്നും മാനേജ്മെന്‍റില്‍നിന്ന് ഉറപ്പുവാങ്ങണമെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇതോടെ ഇക്കാര്യത്തില്‍ മാനേജ്മെന്‍റ് നിലപാട് വ്യക്തമാക്കണമെന്നായി മന്ത്രി. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാന്‍ വിജ്ഞാപനം ഇറക്കിയതായും ലക്ഷ്മി നായരെ മാറ്റിയെന്നും മാനേജ്മെന്‍റ് അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രി കൂടി ഒപ്പിട്ട കരാര്‍ വേണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യമുന്നയിച്ചപ്പോള്‍ ആദ്യം മന്ത്രി വഴങ്ങിയില്ല. കരാര്‍ ഇല്ലാതെ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. ഭാവിയില്‍ മാനേജ്മെന്‍റ് ഉറപ്പില്‍നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന വ്യവസ്ഥയും കരാറില്‍ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സ്വകാര്യ കോളജിന്‍െറ കാര്യത്തില്‍ ഉറപ്പുനല്‍കാനാകില്ളെന്ന് നിലപാടെടുത്ത മന്ത്രി ഒടുവില്‍ വിദ്യാര്‍ഥി പ്രതിനിധികളുടെ ആവശ്യം അംഗീകരിച്ചു. 

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിലെ കണ്ടത്തെലുകളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ മാറ്റുന്നതെന്ന് ചര്‍ച്ചയുടെ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും അംഗീകരിച്ചു. ദലിത് പീഡനം, കോളജ് ഭൂമി സംബന്ധിച്ച തര്‍ക്കം എന്നിവയില്‍ സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് കരാര്‍ തയാറാക്കിയത്. മന്ത്രി സി. രവീന്ദ്രനാഥ്, ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ടി.കെ. നാരായണദാസ് എന്നിവരും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ഒപ്പിടുകയായിരുന്നു. എം. വിജിന്‍ (എസ്.എഫ്.ഐ), വി.എസ്. ജോയ് (കെ.എസ്.യു), ശുഭേഷ് സുധാകരന്‍ (എ.ഐ.എസ്.എഫ്), ടി. ശ്യാംരാജ് (എ.ബി.വി.പി), ആര്യ വി. ജോണ്‍ (ഹോസ്റ്റല്‍ വിദ്യാര്‍ഥി സമരപ്രതിനിധി), മന്‍സൂര്‍ ബാഫഖി (എം.എസ്.എഫ്), എ. ഷൈജു (എ.ഐ.ഡി.എസ്.ഒ) എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

Tags:    
News Summary - law academy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.