​ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കണമെന്ന പ്രമേയം തള്ളി

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജിന്‍െറ അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തള്ളി. ചട്ടലംഘനം നടന്നെന്ന സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഈ ആവശ്യം ഉയര്‍ന്നത്. നടപടി ആവശ്യപ്പെടുന്ന പ്രമേയത്തെ എട്ട് സി.പി.എം അംഗങ്ങളും നാല് സര്‍ക്കാര്‍ പ്രതിനിധികളും എതിര്‍ത്തപ്പോള്‍ ഒരു സി.പി.ഐ അംഗവും ഏഴു് യു.ഡി.എഫ് അംഗങ്ങളും അനുകൂലിച്ചു. അതേസമയം, ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഒരേസമയം രണ്ട് ബിരുദങ്ങള്‍ നേടിയെന്ന ആരോപണം പരിശോധിക്കാന്‍ പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

വിവിധ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്കുശേഷം സിന്‍ഡിക്കേറ്റ്  യോഗം ചേര്‍ന്നത്. അനധികൃതമായി ഇന്‍േറണല്‍ മാര്‍ക്കുദാനം നടന്നെന്ന ആരോപണത്തില്‍ തുടരന്വേഷണം നടത്തണമെന്ന് രാവിലെ ചേര്‍ന്ന പരീക്ഷ ഉപസമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇത് സിന്‍ഡിക്കേറ്റ് യോഗം ആദ്യം പരിഗണിക്കുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങള്‍ പരിഗണിച്ചത്. വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കുക, കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കുന്നതിനാല്‍ പാട്ടത്തിന് നല്‍കിയ ഭൂമി തിരിച്ചെടുക്കുക, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നീക്കാന്‍ നടപടിയെടുക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നതായിരുന്നു ജോണ്‍സന്‍ എബ്രഹാം അവതരിപ്പിച്ച യു.ഡി.എഫ് പ്രമേയം. സമാന ആവശ്യങ്ങളുന്നയിച്ച് സി.പി.ഐയിലെ ആര്‍. ലതാദേവിയും പ്രമേയം കൊണ്ടുവന്നു. ഇരുപ്രമേയവും സി.പി.എം അംഗങ്ങള്‍ എതിര്‍ത്തു. ചര്‍ച്ചക്കുശേഷം ഇരുപ്രമേയവും വെവ്വേറെ വോട്ടിനിട്ടു. സി.പി.ഐ അംഗവും ഏഴ് യു.ഡി.എഫ് അംഗങ്ങളും പ്രമേയങ്ങളെ അനുകൂലിച്ചപ്പോള്‍ എട്ട് സി.പി.എം അംഗങ്ങളും നാല് സര്‍ക്കാര്‍ പ്രതിനിധികളും എതിര്‍ത്തു. 12-8 നിലയില്‍ രണ്ട് പ്രമേയവും തള്ളി. 

സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍സ്ഥാനം ഒഴിഞ്ഞെന്ന് കാട്ടി കോളജ് മാനേജ്മെന്‍റിന് വേണ്ടി എന്‍. നാരായണന്‍ നായര്‍ നല്‍കിയ കത്ത് യോഗം അംഗീകരിച്ചു. ലക്ഷ്മി നായര്‍ സ്വയം ഒഴിഞ്ഞെന്നും അവരെ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടി രണ്ട് കത്താണ് മാനേജ്മെന്‍റ് നല്‍കിയിരുന്നത്. ഇതിലെ വൈരുധ്യം സി.പി.ഐ, യു.ഡി.എഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ലക്ഷ്മി നായര്‍ ഒരേസമയം രണ്ട് ബിരുദം നേടിയെന്ന ആരോപണം അന്വേഷിക്കണമെന്ന ജീവന്‍ലാലിന്‍െറ ആവശ്യവും അവരുടെ സഹോദരന്‍ നാഗരാജ് നാരായണന്‍ ചട്ടവിരുദ്ധമായി രണ്ട് എല്‍എല്‍.എം ബിരുദം സ്വന്തമാക്കിയത് അന്വേഷിക്കണമെന്ന ഗോപകുമാറിന്‍െറ ആവശ്യവും യോഗം അംഗീകരിച്ചു. രണ്ട് പരാതിയും സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷ ഉപസമിതിയുടെ പരിഗണനക്ക് വിടാനാണ് തീരുമാനം. പ്രിന്‍സിപ്പല്‍സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍  തല്‍സ്ഥാനത്ത് യോഗ്യനായ ആളെ നിയമിച്ച് അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ യോഗത്തില്‍നിന്ന് വ്യത്യസ്തമായി, യു.ഡി.എഫ് അംഗങ്ങള്‍ തിങ്കളാഴ്ച ഒരേ നിലപാടാണ് സ്വീകരിച്ചത്. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ സാന്നിധ്യത്തില്‍ രാവിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് ഏക മുസ്ലിംലീഗ് പ്രതിനിധിയും അംഗീകരിച്ചു. അതേസമയം, കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് സിന്‍ഡിക്കേറ്റ് അംഗമായ ഡോ. ജി. കിഷോര്‍ തിങ്കളാഴ്ചത്തെ  യോഗത്തിലും പങ്കെടുത്തില്ല. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രോ-വൈസ് ചാന്‍സലറുടെ അധ്യക്ഷതയിലാണ്  യോഗം ചേര്‍ന്നത്. 

 

Tags:    
News Summary - law academy affiliation will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.