എരുമേലി: വൈകല്യങ്ങളെ തോൽപിച്ച് ജീവിതത്തോട് പടവെട്ടി മുന്നേറിക്കൊണ്ടിരിക്കെയാണ് ലത്തീഷ അൻസാരി (27) സ്വപ്നങ്ങൾ ബാക്കിവെച്ച് യാത്രയായത്. നാടിെൻറ അഭിമാനമായിരുന്ന ലത്തീഷയുടെ വിയോഗം ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എേട്ടാടെയാണ് മരിച്ചത്.
എരുമേലി പുത്തൻപീടികയിൽ അൻസാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളായ ലത്തീഷക്ക് കഷ്ടിച്ച് രണ്ടടി മാത്രമായിരുന്നു ഉയരം. ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന ജനിതകരോഗമായിരുന്നു. പക്ഷേ ഇരിപ്പിടത്തിലിരുന്നുതന്നെ പഠനത്തിലും കലാപരമായ കഴിവുകളിലൂടെയും നിരവധി സമ്മാനങ്ങളും അവാർഡുകളും ലത്തീഷ കരസ്ഥമാക്കിയിരുന്നു.
ലത്തീഷയുടെ ഏതൊരാഗ്രഹത്തിനും പിതാവ് അൻസാരിയായിരുന്നു മുൻപന്തിയിൽ. എല്ലുകൾ നുറുങ്ങുന്ന വേദനയിലും അൻസാരിയുടെ കരങ്ങളിൽ മകൾ ലത്തീഷ സുരക്ഷിതയായിരുന്നു. ഒന്ന് ഉലഞ്ഞാൽ എല്ലുകൾ നുറുങ്ങുന്ന അസുഖം ബാധിച്ച ലത്തീഷയെ പിതാവാണ് എല്ലായിടത്തും ഒക്കത്തിരുത്തി എത്തിച്ചത്. സ്കൂൾ, കോളജ് പഠനകാലത്ത് ക്ലാസ് മുറികളിൽ അൻസാരി എടുത്തുകൊണ്ടിരുത്തി. എം.ഇ.എസ് കോളജിൽ ഉയർന്ന മാർക്കോടെ എം.കോം പഠനം പൂർത്തിയാക്കി.
സഹകരണ ബാങ്കിൽ ജോലി ലഭിച്ചെങ്കിലും പൊടി അലർജിമൂലം ഉപേക്ഷിച്ചു. ഐ.എ.എസ് മോഹവുമായി പാലാ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ പടികൾ പിതാവിെൻറ ഒക്കത്തിരുന്ന് കയറി. ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ജി എൻജിനീയറിങ് കോളജിലിരുന്ന് പരീക്ഷയും എഴുതി. കീ ബോർഡ്, ഗ്ലാസ് പെയിൻറിങ് എന്നിവയിലും കഴിവുതെളിയിച്ചു.
വൈകല്യങ്ങളെ പഴിച്ച് ഒളിച്ചുകഴിയുന്നവർക്ക് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും വിജയത്തിലൂടെ വൈകല്യങ്ങളെ തോൽപിക്കാനും ധൈര്യം പകർന്നുകൊടുത്ത ലത്തീഷക്ക് ഡോ. ബത്രാസ് പോസിറ്റിവ് ഹീറോ അവാർഡും ലഭിച്ചിരുന്നു. കുെറ വർഷങ്ങളായി ഓക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് കലക്ടർ പോർട്ടബിൾ ഓക്സിജൻ കോൺസൻട്രേറ്റർ നൽകിയെങ്കിലും ശ്വസനത്തിന് ഇത് തികയാതെവന്നു.
ശ്വാസതടസ്സം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സമൂഹ മാധ്യമത്തിലൂടെ ലത്തീഷ സഹായമഭ്യർഥിച്ചിരുന്നു. എന്നാൽ, എല്ലാവരെയും നിരാശരാക്കി ലത്തീഷ മടങ്ങി. എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾമൂലം ഒരുനോക്ക് കാണാൻപോലും കഴിയാതെ പ്രാർഥനയിൽ മുഴുകുകയായിരുന്നു നാട്. ലാമിയയാണ് ലത്തീഷയുടെ സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.