കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നതിനുമുമ്പ് വനം വികസന കോർപറേഷൻ (കെ.എഫ്.ഡി.സി) അധ്യക്ഷസ്ഥാനം രാജിവെച്ച് ലതിക സുഭാഷ്. കോട്ടയം നഗരസഭ തിരുനക്കര വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് ലതിക. വെള്ളിയാഴ്ച നാമനിർദേശ പത്രിക നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതെന്ന് ലതിക പറഞ്ഞു. എൻ.സി.പി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഇവർ, കോട്ടയം ജില്ല പഞ്ചായത്തിന്‍റെ പ്രഥമ വനിത പ്രസിഡന്‍റാണ്. 1991ലാണ് കോൺഗ്രസിനൊപ്പം പ്രവർത്തനം തുടങ്ങിയത്. 2021ൽ വനിതകളോടുള്ള അവഗണനക്കെതിരെ മുടി മുറിച്ച് പ്രതിഷേധിച്ച് പാർട്ടി വിട്ടു. തുടർന്ന് ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് എൻ.സി.പി.യുടെ ഭാഗമായി.
നഗരസഭ മുൻ അധ്യക്ഷൻ ബി. ഗോപകുമാർ മത്സരിച്ചിരുന്ന വാർഡാണ് തിരുനക്കര. വനിത സംവരണമായതോടെ ഗോപകുമാറിന്‍റെ ഭാര്യ സുശീല ഗോപകുമാറിനെയാണ് യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തവണത്തെ സ്ഥാനാർഥി രതീഷിന്‍റെ ഭാര്യ നിത്യ രതീഷാണ് എൻ.ഡി.എ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.