കോവിഡ്​ ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് നാടിന്‍റെ യാത്രാമൊഴി

ഇരിക്കൂർ: കോവിഡ് ബാധിച്ച്​ മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് നാടിന്‍റെ യാത്രാമൊഴി. മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഡ്രൈവർ ഇരിക്കൂറിനടുത്ത പടിയൂര്‍ ബ്ലാത്തൂർ സ്വദേശി സുനില്‍ കുമാറിനാണ് (28) നാട് കണ്ണീരോടെ വിടയേകിയത്.

 

രോഗ ബാധിതനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്​ച രാവിലെയോടെയാണ് സുനിൽ മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പടിയൂർ ഗ്രാമപഞ്ചായത്തിലെ ഊരത്തൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

സംസ്കാര ചടങ്ങുകൾക്ക് ജമാഅത്തെ ഇസ്​ലാമിയുടെ സന്നദ്ധ സേവന വിഭാഗവുമായ ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ നേതൃത്വം നൽകി. ജില്ല ലീഡർ കെ.കെ. ഫിറോസിന്‍റെ നിയന്ത്രണത്തിൽ വളണ്ടിയർമാരായ കെ.എം അഷ്ഫാഖ്, എൻ. മുഹ്സിൻ, നൂറുദ്ദീൻ, അബ്ദുസലാം, അബ്ദുല്ല എന്നിവർ പി.പി.ഇ കിറ്റണിഞ്ഞ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

സുനില്‍ കുമാർ
 

മൂന്നു ദിവസം മുമ്പാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെ സ്ഥിരീകരിക്കുകയായിരുന്നു. ബുധനാഴ്​ച വൈകിട്ട്​ മുതൽ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫിസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറൻറീനില്‍ പോകുയും ചെയ്തിരുന്നു. സുനിൽകുമാറിന് രോഗം ബാധിച്ചതെങ്ങനെയാണെന്ന കാര്യം വ്യക്തമല്ല.

അനുശോചിച്ചു
സഹപ്രവർത്തകന്‍റെ അകാല വേർപാടിൽ കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേർസ് അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ സുരേഷ്,
കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡന്‍റ് കെ.എസ്. ഷാജി (അസി. എക്സൈസ് കമ്മീഷണർ), ജില്ല സെക്രട്ടറി, വിജേഷ് (എക്സൈസ് ഇൻസ്പെക്ടർ മട്ടന്നൂർ റെയിഞ്ച്), സംസ്ഥാന സെക്രട്ടറി കെ. ഷാജി (എക്സൈസ് ഇൻസ്പെക്ടർ, കൂത്തുപറമ്പ് റെയിഞ്ച്) എന്നിവർ അനുശോചിച്ചു.

Tags:    
News Summary - last rituals of Excise officer died of covid kannur-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.