ഇടുക്കിയിൽ ഉരുൾപൊട്ടി ഒരാൾകൂടി മരിച്ചു; മൂന്നുപേരെ കാണാതായി

ഇടുക്കി: മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് ഉരുൾപൊട്ടി ഒരാൾകൂടി മരിച്ചു. മൂന്നുപേരെ കാണാതായി. അയ്യപ്പൻകുന്നേൽ മാത്യു, ഭാര്യ രാജമ്മ, മകൻ വിശാൽ, വിശാലി​​​​െൻറ സുഹൃത്ത്​ ടിൻറ്​ മാത്യു എന്നിവരാണ് മരിച്ചത്. മേഖലയിലെ ഒരു മല മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുവരുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി 10.30ഒാടെയാണ്​ സംഭവം. കാലാവസ്​ഥ മോശമായതിനാലും ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടതിനാലും രക്ഷാപ്രവർത്തകർക്കോ പൊലീസിനോ പ്രദേശത്ത് എത്താൻ സാധിച്ചില്ല. മണിക്കൂറുകളെടുത്ത്​ സ്​ഥലത്തെത്തി ഉച്ചവരെ നടന്ന തിരച്ചിലിൽ മാത്യുവി​​​​െൻറ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവരെ കണ്ടെത്താനായില്ല. ഇപ്പോഴും പ്രദേശത്ത്​ മഴ തുടരുകയാണ്. 

സമീപവാസികളായ ദിവാകര്‍ ചരളയില്‍, അപ്പച്ചന്‍ അരിമറ്റത്തില്‍ എന്നിവരുടെ വീടുകളും പൂർണമായി തകര്‍ന്നു. കട്ടപ്പന കെ.എസ്​.ആർ.ടി.സി ബസ് ​സ​്​റ്റേഷൻ ഉരുൾപൊട്ടലിൽ തകർന്നു. ഉൾപ്രദേശങ്ങളിൽ വാർത്തവിനിമയ സംവിധാനങ്ങളും വൈദ്യുതിബന്ധവും പൂർണമായി നിലച്ചു. ഇടുക്കിയിൽ അഞ്ചിടത്താണ്​ ശനിയാഴ്​ച ഉരുൾപൊട്ടിയത്​. പതി​െനാന്നിടത്ത്​ മണ്ണിടിഞ്ഞും അപകടമുണ്ടായി. പത്ത്​ ദിവസത്തിനിടെ ജില്ലയിൽ മഴക്കെടുതിയിൽ 42 പേരാണ്​ മരിച്ചത്​. 13 ​േപരെ കാണാതായി.

മഴ തുടരുന്നു; ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും പത്താം ദിവസവും ജില്ല
തൊടുപുഴ: പിന്നിട്ട പത്ത്​ ദിവസവും ഇടുക്കിയിൽ ഉരുൾപൊട്ടലുണ്ടായി. ശനിയാഴ്​ച അഞ്ചിടത്ത്​ ഉരുൾപൊട്ടിയും പതിനൊന്നിടത്ത്​ മണ്ണിടിഞ്ഞും വ്യാപക നാശമുണ്ടായി. ശനിയാഴ്​ച പുലർച്ച ഇടുക്കി ഉപ്പുതോട്ടിലായിരുന്നു ഉരുൾപൊട്ടൽ. ഒരു കുടുംബത്തിലെ നാലും മറ്റൊരാളും മണ്ണിനടിയിലായി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മൂന്നുപേരെ കാണാതായി. ജില്ലയിൽ പത്ത്​ ദിവസത്തിനിടെ 42 പേരാണ്​ മരിച്ചത്​. കാണാതായവർ 13ഉം. ജില്ല ആസ്​ഥാനം ഒറ്റപ്പെട്ടതിനാൽ കലക്​ടറേറ്റിലേക്കുള്ള ഗതാഗതമടക്കം പുനഃസ്​ഥാപിക്കാനായില്ല. ചെറുതോണി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പലയിടത്തും ഭക്ഷണസാധനങ്ങൾ കിട്ടാനില്ലെന്ന്​ പരാതിയുണ്ട്​.

ശനിയാഴ്​ച തൊടുപുഴ താലൂക്കിലെ ചിലയിടങ്ങളിൽ ബസുകൾ സർവിസ്​ നടത്തി. മഴക്കെടുതിയെ തുടർന്ന്​ ഹൈറേഞ്ച്​ മേഖലയിൽ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പലതും മാറ്റി. ഫോൺ ബന്ധം തകരാറിലായതിനാൽ ബന്ധുക്കൾ നേരി​െട്ടത്തിയാണ്​ വിവാഹം മാറ്റിയ വിവരങ്ങൾ അറിയിക്കുന്നത്​. ഉടുമ്പൻചോല താലൂക്കിൽ മാത്രം 320 വീട്​ പൂർണമായും ഭാഗികമായും തകർന്നതായാണ്​ വിവരം. 50 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കുമളിയിൽ മഴക്ക്​ അൽപം ശമനമുണ്ടെങ്കിലും തേക്കടിയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റപ്പെട്ടു​. മാങ്കുളം അമ്പതാംമൈൽ റോഡിന്​ സമീപം പുഴ ഗതിമാറി ഒഴുകിയതോടെ നിരവധി ആദിവാസി കുടികളും ഒറ്റപ്പെട്ടു. ശീതകാല പച്ചക്കറി കേന്ദ്രമായ വട്ടവട, മറയൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. പഴയ മൂന്നാറിലെ വെള്ളക്കെട്ടിന്​ അൽപം ശമനമുണ്ടെങ്കിലും ഗതാഗതം പുനഃസ്​ഥാപിക്കാനായില്ല. ടെലിവിഷൻ, മൊബൈൽ നെറ്റ്​വർക്ക്​ ബന്ധങ്ങൾ നിലച്ചിരിക്കുകയാണ്​.

ചപ്പാത്ത് പാലത്തിൽ ഗതാഗതം പുനഃസ്​ഥാപിച്ചു
കട്ടപ്പന: ജലനിരപ്പ് താഴ്ന്നതോടെ ചപ്പാത്ത് പാലത്തിൽ ഗതാഗതം പൂർണമായി പുനഃസ്​ഥാപിച്ചു. തുടർച്ചയായ നാല് ദിവസത്തെ ഗതാഗത സ്തംഭനത്തിന് ശേഷം വെള്ളിയാഴ്​ച ഭാഗികമായി ഗതാഗതയോഗ്യമാക്കിയിരുന്നു. ഇപ്പോൾ പാലത്തിന് താഴെ ഒരു മീറ്റർ അടിയിലാണ് പെരിയാറി​​​​െൻറ ജലനിരപ്പ്. ഒരാഴ്ചയായി ഒറ്റപ്പെട്ട് ഹൈറേഞ്ചിലേക്ക്​ വരാനും തിരിച്ചുപോകാനുമാകാത്ത ആയിരങ്ങൾക്ക്  ആശ്വാസമായി. വൈദ്യുതിയും മൊബൈൽ ഫോണുകളും ഇപ്പോഴും തകരാറിലാണ്. 

റേഷൻ വിതരണം നിലച്ചു; ആദിവാസികൾ പട്ടിണിയിൽ
അടിമാലി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒറ്റ​െപ്പട്ട ഇടമലക്കുടിയടക്കം ആദിവാസി കോളനികളിൽ ഭക്ഷണം കിട്ടുന്നില്ല. ഗോത്രവർഗക്കാർ മാത്രം താമസിക്കുന്ന ഇടമലക്കുടിയിൽ പരപ്പയാർ, സൊസൈറ്റികുടി എന്നിവിടങ്ങളിലെ റേഷൻ കടകളിൽ അരി ഉൾപ്പെടെ തീർന്നിട്ട് ദിവസങ്ങളായി. കുടിയിലെ കുട്ടികൾക്കടക്കം ഭക്ഷണം കിട്ടാത്ത അവസ്​ഥയാണ്​​. ​ജില്ല ഭരണകൂടം ഹെലികോപ്​ടറിൽ ഭക്ഷ്യവസ്​തുക്കൾ എത്തിക്കാൻ സാധ്യതകൾ തേടുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്ന പെട്ടിമുടി വഴി പാത കനത്ത കാലവർഷത്തിൽ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും തകർന്നതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. ആദിവാസികൾക്ക് സൗജന്യ അരി നൽകിയിരുന്നത് 20 രൂപ കിലോക്ക് ചുമട്ടുകൂലി നൽകിയാണ്. എന്നാൽ, ഇതും നിലച്ചു. സംസ്​ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. 12 വാർഡിലായി 4000 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഭക്ഷ്യക്ഷാമത്തോടൊപ്പം പകർച്ചപ്പനി, ചിക്കൻപോക്സ്​ മുതലായവയും പടർന്നുപിടിച്ചിരിക്കുന്നു. 12 ആദിവാസികൾ ഇവിടെ രോഗം മുർഛിച്ച് അവശതയിലാണ്. 

നെൽമണൽകുടി, വൽസപ്പെട്ടി കുടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്​. കാർഷികവിളകളും നശിച്ചു. മൂന്നാറിൽനിന്ന് 16 കിലോമീറ്റർ വാഹനത്തിൽ പെട്ടിമുടിയിലെത്തിയ ശേഷം 18 കിലോമീറ്റർ കൊടും വനത്തിലൂടെ നടന്ന് വേണം ഇടമലക്കുടിയിലെത്താൻ. ഒരു കോളനിയിൽനിന്ന് മറ്റൊരു കോളനിയിലേക്ക് എത്തണമെങ്കിൽ മൂന്ന്​ മുതൽ അഞ്ച്​ മണിക്കൂർ വീണ്ടും സഞ്ചരിക്കണം. തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കോളനികളുടെ പരസ്​പര ബന്ധം അറ്റുപോകാനും കാരണമായി.
ഹെലികോപ്ടറിൽ ഭക്ഷ്യവസ്​തുക്കൾ എത്തിയില്ലെങ്കിൽ കൂട്ട മരണത്തിനുതന്നെ ഇടയാക്കുമെന്നാണ് ആശങ്ക. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിലും സ്​ഥിതി ഗുരുതരമാണ്​​. ഇവിടെ 400 കുടുംബങ്ങളുണ്ട്. ദേവികുളം താലൂക്കിൽ 142 കോളനികളിലായി പതിനായിരത്തിലേറെ ആദിവാസികളാണുള്ളത്. ഇതിൽ ഭൂരിഭാഗം കുടുംബങ്ങളും പ്രകൃതിദുരന്തത്തിന് ഇരയായതായി ൈട്രബൽ ഡെവലപ്മ​​​െൻറ് ഓഫിസർ റഹീം ‘മാധ്യമ’ത്തോട് പറഞ്ഞു. 

ഇന്ധനക്ഷാമം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു
തൊടുപുഴ: ഇന്ധനക്ഷാമം രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നു. പെട്രോൾ കിട്ടാനില്ലെന്ന ആശങ്ക പരന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ്​ പമ്പുകളിൽ​. കെ.എസ്​.ഇ.ബി, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ ഭക്ഷണം എത്തിക്കാനുള്ള വാഹനങ്ങൾ, സുരക്ഷക്കായി എത്തിയ സന്നദ്ധപ്രവർത്തകർ എന്നിവരുടെ വാഹനങ്ങളും പമ്പിന്​ മുന്നിലെ നീണ്ടനിരയിൽ കുടുങ്ങി. അവശ്യസർവിസുകൾക്ക്​ പമ്പുകളിൽനിന്ന്​ പെട്രോൾ നൽകാൻ കലക്​ടർ ഇടപെടണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.


 


 

 

Tags:    
News Summary - Land Slid in Idukki, Four Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.