കൊച്ചി: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാട് സംഭവത്തിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കർദിനാൾ ജോർജ് ആലേഞ്ചരി, ഫാ.ജോഷി പുതുവ, മോൺ സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ എതിർകക്ഷികളാക്കി കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് സംഘടനയുടെ പ്രസിഡൻറ് അഡ്വ.പോളച്ചൻ പുതുപ്പാറ നൽകിയ ഹരജിയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്. കേസ് സംബന്ധിച്ച് മൊഴിയെടുക്കലടക്കമുള്ള തുടർ നടപടികൾക്കായി കേസ് ഇൗമാസം 29 ന് വീണ്ടും പരിഗണിക്കും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് തുടങ്ങാനായി 23.22 ഏക്കർ ഭൂമി വാങ്ങിയതിലും ഇതിലെ ബാങ്കിലെ വായ്പ ഇടപാട് അവസാനിപ്പിക്കാൻ കൊച്ചി നഗരത്തിലെ അഞ്ചിടങ്ങളിലെ വസ്തുക്കൾ വിൽപന നടത്തിയതിലും ക്രമക്കേട് നടന്നതായാണ് ഹരജിക്കാരെൻറ ആരോപണം. തൃക്കാക്കര നൈപുണ്യ സ്കൂളിന് സമീപം 70.15 സെൻറ്, തൃക്കാക്കര ഭാരത മാതാ കോളജിന് എതിർവശത്ത് 62.33 സെൻറ്, തൃക്കാക്കര കരുണാലയത്തിന് സമീപം 99.44സെൻറ്, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20.35സെൻറ, മരടിൽ 54.71സെൻറ് വസ്തുക്കൾ എന്നിവയുടെ വിൽപനയിലൂടെ സഭക്ക് 18 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായും ആരോപിക്കുന്നുണ്ട്.
കൂടാതെ, കോതമംഗലം കോട്ടപ്പടിയിലും ഇടുക്കി ദേവികുളത്തും സഭ വാങ്ങിയ ഏക്കറുകണക്കിന് ഭൂമി ഉപയോഗ ശൂന്യമാണെന്നും വിവിധ ഇടപാടുകളിലൂടെ സഭക്ക് 84 കോടിയുടെ നഷ്ടം സംഭവിച്ചതായും ഹരജയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ എറണാകുളം സെൻട്രൽ പൊലീസിനും എറണാകുളം റേഞ്ച് െഎ.ജിക്കും പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടി സ്വീകരിച്ചില്ലെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.ഭൂമിയുടെ വില കുറച്ച് കാണിച്ച് രജിസ്ട്രേഷൻ നടത്തിയതിലൂടെ സർക്കാറിന് വൻ നഷ്ടം സംഭവിച്ചതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നൽകണമെന്നാണ് ആവശ്യം. ഹരജിയിൽ ഏഴ് പേരെ സാക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരെൻറതടക്കമുള്ള മൊഴികൾ രേഖപ്പെടുത്തിയ ശേഷമാവും കോടതി കേസ് അന്വേഷണത്തിനായി പൊലീസിന് കൈമാറണമോ തള്ളണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.