ഭൂമി അളവ് രേഖപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിൽ; ഇടപാടുകൾക്ക് കുരുക്കായി ഡിജിറ്റൽ സർവെ
തിരുവനന്തപുരം: റവന്യൂ, രജിസ്ട്രേഷൻ രേഖകളിൽ ഭൂമിയുടെ അളവ് വ്യത്യസ്ത രീതിയിൽ രേഖപ്പെടുത്തുന്നതിൽ കുരുങ്ങി ഡിജിറ്റല്‍ സർവെ ഭൂഉടമകൾക്ക് കുരുക്കായി മാറുന്നു. ഭൂമി രജിസ്ട്രേഷനിൽ ഉൾപ്പെടെ ഇത് ഭൂഉടമകളെ വലക്കുകയാണ്.
20 വർഷം മുമ്പ് വരെ അഞ്ച് സെന്റ് വസ്തുവിന് ഭൂനികുതി അടക്കുമ്പോൾ രേഖപ്പെടുത്തിയത് അഞ്ച് സെന്റ് എന്ന് തന്നെയായിരുന്നു. പിന്നീട് റീസർവെ വന്നപ്പോൾ അഞ്ച് സെന്റ് ‘02 ആർ 03 ചതുരശ്രമീറ്റർ’ എന്നായി. ഡിജിറ്റൽ സർവെ വന്നപ്പോൾ ഇത് രേഖകളിൽ ‘02 ആർ 02.1250’ ചതുരശ്രമീറ്റർ എന്നായി മാറി. റവന്യൂ രേഖയിൽ അഞ്ച് സെന്റ് എന്ന് രേഖപ്പെടുത്തിയ ഭൂമി ഡിജിറ്റൽ സർവെ പ്രകാരം സബ്രജിസ്ട്രാർ ഓഫിസിലൂടെ കൈമാറി രജിസ്ട്രേഷനാകുമ്പോൾ 02ആർ 02.12 എന്നായി മാറുന്നതാണ് നിലവിലെ സാഹചര്യം.
റവന്യൂ, രജിസ്ട്രേഷൻ രേഖകളിൽ വ്യത്യസ്ത രീതിയിൽ ഭൂവിസ്തൃതി രേഖപ്പെടുത്തുന്നത് നിയമസാധുതയെ തന്നെ താളം തെറ്റിക്കുന്നുവെന്നാണ് പരാതി. മുന്നാധാരങ്ങളും മുൻരേഖകളുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് ഡിജിറ്റൽ സർവെ പ്രകാരമുള്ള ഭൂമികൈമാറ്റം. ഡിജിറ്റൽ സർവെയിൽ വിവരിക്കുന്ന വിസ്തീർണം ഭൂമിയിൽ അളന്ന് കണ്ടെത്തൽ അസാധ്യവുമാണ്. ഈ സാങ്കേതിക കുരുക്ക് ഭൂഉടമകളുടെ മരണശേഷം അവകാശികള്‍ക്ക് ഭൂമികൈമാറ്റം ചെയ്യുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതിനൊപ്പം മാസങ്ങളോളം കാത്തിരിപ്പിനും വഴിവെക്കുന്നു.
അവകാശികളുടെ പേരില്‍ പിന്തുടര്ച്ചാവകാശ പോക്കുവരവ് ചെയ്ത് ഭൂനികുതി അടച്ചാല്‍ മാത്രമെ കൈമാറ്റ രജിസ്ട്രേഷന് സാധ്യമാകുകയുള്ളൂ.
പിന്തുടര്ച്ചാവകാശ പോക്കുവരവ് ചെയ്യുന്നതിനുവേണ്ടി നിലവില്‍ തന്നെ മാസങ്ങളുടെ കാത്തിരിപ്പിന് പുറമെ ഓഫിസുകള്‍ കയറി ഇറങ്ങേണ്ടിയും വരുന്നു. ഡിജിറ്റല്‍ സർവെ പൂര്‍ത്തീകരിച്ച വില്ലേജുകളില്‍ പലയിടത്തും വ്യത്യസ്ത നിയമങ്ങളാണ് റവന്യൂ വകുപ്പ് അവലംബിക്കുന്നത്.
വര്‍ഷങ്ങളായി ഭൂനികുതി അടച്ചുവന്നിരുന്ന നിരവധി ഉടമകള്‍ ഡിജിറ്റല്‍ സർവെയില്‍ ഇടം നേടിയിട്ടില്ല. ഇതുകാരണം ഇത്തരക്കാര്‍ക്ക് നികുതി അടക്കുന്നതിനും സാധിക്കാതെയായി. ഇതോടെ ഇവരുടെ ഭൂമികൈമാറ്റം, വായ്പ തുടങ്ങിയ ഇടപാടുകളും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.