ട്രെയിനിൽ കവർച്ച നടത്തി അറസ്റ്റിലായ പ്രതികൾ അന്വേഷണ സംഘത്തോടൊപ്പം

സ്ത്രീ യാത്രക്കാരുടെ ബാഗ്​ തട്ടിയെടുത്ത് ചാടിയിറങ്ങും, പിടിച്ചെടുത്തത് 10 ലക്ഷത്തിന്റെ മോഷണ മുതലുകൾ; ട്രെയിനിൽ കവർച്ച നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചി: സ്ത്രീ യാത്രക്കാരുടെ ബാഗുകൾ തട്ടിയെടുക്കുകയും തുടർന്ന്​ ഓടുന്ന ട്രെയിനിൽ നിന്ന്​ ചാടിയിറങ്ങി രക്ഷപ്പെടുകയും ചെയ്യുന്ന അസം സ്വദേശികളായ മുന്നംഗ സംഘം പിടിയിൽ. അസം നാഗവോൺ ജില്ലയിൽ നിന്നുള്ള രജാതലി (45), സദുൽ ഹഖ്​ (22), മുർഷിദ്​ (21) എന്നിവരെ ആണ്​ റെയിൽവേ പൊലീസും റെയിൽവേ ​പ്രൊട്ടക്ഷൻ ഫോഴ്​സും ചേർന്ന്​ പിടികൂടിയത്​.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11ന്​ കാരക്കൽ എക്സ്പ്രസ്​ ട്രെയിനിലും ഞായറാഴ്ച പുലർച്ചെ 2.30ന്​ ബാംഗ്ളൂർ എക്സ്പ്രെസ്സിലുമാണ്​ സംഘം കവർച്ച നടത്തിയത്​. ഉറങ്ങുകയായിരുന്ന സ്ത്രീകൾ തലയുടെ കീഴിൽ വെച്ചിരുന്ന ബാഗ്​ പൊടുന്നനെ തട്ടിയെടുക്കുകയും ട്രെയിനിന്‍റെ വേഗത വർധിക്കുന്നതിന്​ മുമ്പ്​ ചാടിയിറങ്ങി രക്ഷപ്പെടുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.

ആലുവ, അങ്കമാലി സ്​റ്റേഷനുകൾക്കിടയിലാണ്​ ഈ സംഭവങ്ങൾ നടന്നത്​. ഇവർ മോഷ്ടിച്ച ബാഗുകളിൽ മാലയും വളയുമടക്കം എട്ട്​ പവനോളം സ്വർണവും രണ്ട്​ ഐ ഫോണുകളടക്കം മൂന്ന്​ മൊബൈലുകളും ഉണ്ടായിരുന്നു.വിശദമായ പരിശോധനയിൽ പ്രതികളിൽ നിന്ന്​ പത്ത്​ ലക്ഷത്തോളം രൂപ വിലവരുന്ന മോഷണ മുതലുകൾ പിടിച്ചെടുത്തു. പ്രതികൾ മുമ്പും വിവിധ കേസുകളിൽ പ്രതികളാണെന്ന്​ പൊലീസ്​ പറഞ്ഞു.

റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ്​ ഹനീഫിന്‍റെ മേൽനോട്ടത്തിൽ ആർ.പി.എഫ്​ ഇൻസ്​പെക്ടർമാരായ ബിനോയ്​ ആന്‍റണി, പി. വേണു, ജിപിൻ, എറണാകുളം റെയിൽവേ പൊലീസ്​ ഡിവൈ.എസ്​.പി ജോർജ്​ ജോസഫ്​, ഇൻസ്​പെക്ടർ വിപിൻകുമാർ, എസ്​.എച്ച്​.ഒ നിസാറുദ്ദീൻ, എസ്​.ഐ കെ. സുരേഷ്​ എന്നിവരടങ്ങുന്ന സംഘമാണ്​ പ്രതികളെ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്​തു.

Tags:    
News Summary - Three Train Robbery Gang Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.