നജീബ് കാന്തപുരം എം.എൽ.എക്കും ഗോപിനാഥ് മുതുകാടിനും രവീന്ദ്രൻ രാവണേശ്വരത്തിനും വെൽഫെയർ പുരസ്‌കാരം
കോഴിക്കോട്: മുസ്‍ലിം വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ വിവിധ പുരസ്കാരങ്ങൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. സൊസൈറ്റിയുടെ മുഖ്യരക്ഷാധികാരി മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമ്മക്കായി നൽകുന്ന വിദ്യാഭ്യാസ ശാക്തീകരണ പുരസ്കാരത്തിന് നജീബ് കാന്തപുരം എം.എൽ.എ അർഹനായി.
സൊസൈറ്റിയുടെ ആജീവനാന്ത ചെയർമാനായിരുന്ന ടി. അബൂബക്കർ ഹാജിയുടെ സ്മരണക്ക് ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്കാരം പ്രഫസർ ഗോപിനാഥ് മുതുകാടിനാണ്. മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക പ്രതിനിധിയുമായിരുന്ന പി. മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ രവീന്ദ്രൻ രാവണേശ്വരവും അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചെയർമാനും മുൻകണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ പ്രൊഫസർ കെ.പി. ജയരാജൻ, കെ.പി.സി.സി സംസ്കാര സാഹിതി കാസർകോട് ജില്ലാ ചെയർമാൻ ബഷീർ ആറങ്ങാടി, എഴുത്തുകാരനും പ്രഭാഷകനുമായ ഹാഷിം ആറങ്ങാടി എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
മുൻമന്ത്രിമാരായ ഡോ. എം.കെ. മുനീർ, എൻ.കെ. പ്രമേചന്ദ്രൻ എം.പി, കഥാകൃത്ത് ടി. പത്മനാഭൻ, എഴുത്തുകാരൻ സേതു, നിരൂപകൻ പ്രഫസർ ഇബ്രാഹിം ബേവിഞ്ച എന്നിവർക്കാണ് മുൻകാലങ്ങളിൽ വെൽഫെയർ പുരസ്‌കാരങ്ങൾ ലഭിച്ചത്. സെപ്റ്റംബർ രണ്ടാം വാരം കാഞ്ഞങ്ങാട്ട് വെച്ച് നടത്തുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്കാര സമിതി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്‌തങ്ങൾ, അംഗങ്ങളായ പ്രഫ. കെ.പി. ജയരാജൻ, ബഷീർ ആറങ്ങാടി, ഹാഷിം ആറങ്ങാടി, വെൽഫെയർ സൊസൈറ്റി ചെയർമാൻ മുത്തലിബ് കുളിയങ്കാൽ, കൺവീനർ ടി റംസാൻ, ട്രഷറർ സുറൂർ മൊയ്തുഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.