‘ഭിന്നത രൂക്ഷമാക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്’; സി.പി.ഐ-സി.പി.എം തർക്കത്തിൽ വീണ്ടും ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.ഐ-സി.പി.എം നേതാക്കളും മുഖപത്രങ്ങളും നേർക്കുനേർ ഏറ്റുമുട്ടുന്നതിനിടെ, ഇത്തരം തർക്കങ്ങളിൽ ഭിന്നത രൂക്ഷമാക്കുന്ന നിലപാട് ആരും സ്വീകരിക്കാൻ പാടില്ലെന്ന് ആവർത്തിച്ച് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ.

വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തർക്കങ്ങൾ വരാൻ പാടില്ലായിരുന്നു. സി.പി.എമ്മും സി.പി.ഐയും യോജിച്ചുതന്നെ നിൽക്കണം. നിലവിൽ ഇടതുമുന്നണിക്ക് ഒരു പ്രതിസന്ധിയുമില്ല. മുന്നണിയിലെ പാർട്ടികൾ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നവരാണ്. അവരുടെ സ്വാതന്ത്ര്യത്തിൽ മുന്നണി നേതൃത്വം ഇതുവരെയും ഇടപെട്ടിട്ടുമില്ല. പാർട്ടികൾ വ്യത്യസ്തമായ ചില അഭിപ്രായങ്ങൾ പറഞ്ഞുവന്നേക്കാം. മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന പ്രശ്നം വന്നാൽ പരസ്പരം കൂടിയാലോചനയിലൂടെ പരിഹരിക്കും.

പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്നതാണ് സി.പി.ഐ പ്രധാനമായും ഉന്നയിച്ച ആവശ്യം. അങ്ങനെ ഒരു രീതി കഴിഞ്ഞകാലങ്ങളിൽ മുന്നണിയിൽ സ്വീകരിച്ചിട്ടില്ല. എന്നാൽ പാർട്ടി എന്ന നിലയിൽ അവർക്കത് ഉന്നയിക്കാം. പക്ഷേ ഉന്നയിച്ച രീതിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നത് അവർ ആലോചിക്കേണ്ട വിഷയമാണ്. നിലവിലേത് പരസ്പരം അഭിപ്രായങ്ങൾ പറയുന്നു എന്ന് കണ്ടാൽ മതി. ‘ഭിന്നത രൂക്ഷമായി’ എന്ന് പറയാനാവില്ല. ഭിന്നത അധികം നീളാതെ പരിഹരിക്കുക തന്നെ ചെയ്യും. പരിഹരിക്കാൻ ആവശ്യമായ തുടർച്ചയായ നടപടികൾ സി.പി.എമ്മും സി.പി.ഐയും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരാമർശങ്ങളിൽ നേതാക്കൾ മിതത്വം പാലിക്കണമെന്ന് നേരത്തെ ടി.പി രാമകൃഷ്ണൻ പറഞ്ഞതിന് പിന്നാലെയാണ് സി.പി.എം സെക്രട്ടറിയേറ്റംഗം സി.എൻ. മോഹനൻ സി.പി.ഐയെ കടന്നാക്രമിച്ച് ദേശാഭിമാനിയിൽ ലേഖനമെഴുതിയത്. ഇതോടെ ഉപനേതൃപദവിയിൽ പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായമെന്ന സൂചനകൾ ശക്തമായിരുന്നു.

Tags:    
News Summary - CPI-CPM rift: TP Ramakrishnan advises against worsening tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.