10 ഏക്കർ ഭൂമി അവകാശമുള്ള ആദിവാസികൾക്ക് നൽകിയത് 10 സെൻറിൽ താഴെ; ഉദ്യോഗസ്ഥ വഞ്ചനയുടെ റിപ്പോർട്ട് പുറത്ത്

കൊച്ചി: 10 ഏക്കർ ഭൂമിക്ക് വനാവകാശമുള്ള ആദിവാസി കുടുംബത്തിന് 10 സെൻറിൽ താഴെ ഭൂമിയാണ് നൽകുന്നതെന്ന് റിപ്പോർട്ട്. മലപ്പുറം നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിൽ എ.ജി ഓഫിസർ നടത്തിയ അന്വേഷണത്തിലാണ് വനാവകാശനിയമം ആദിവാസി മേഖലകളിൽ പൂർണായി ലംഘിക്കുന്നുവെന്ന് കണ്ടെത്തിയത്.

വനം-പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് അട്ടിമറി നടത്തുന്നത്. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്നും പരിശോധയിൽ കണ്ടെത്തി.

ആദിവാസികൾക്കിടയിൽ വനാവകാശ നിയമത്തെക്കുറിച്ച് (എഫ്.ആർ) അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതായി റി​പ്പോർട്ടിൽ പറയുന്നു. ഈ നിയമം യഥാർത്ഥത്തിൽ രൂപകൽപ്പന ചെയ്ത ഭൂമിയുടെ വിസ്തൃതിയും കൈവശം വെയ്ക്കാനുള്ള അവകാശത്തെയും സംബന്ധിച്ച് ആദിവാസികൾക്ക് അറിയില്ല. ഇതുകാരണമാണ് ആദിവാസികളുടെ അവകാശം നഷ്ടപ്പെടുന്നത്.

കഴിഞ്ഞ വർഷം ഇക്കാര്യം എ.ജി ചൂണ്ടിക്കാണിച്ചപ്പോൾ ആദിവാസികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ആദിവാസികൾക്ക് വീണ്ടും അപേക്ഷകൾ സമർപ്പിച്ച് അതനുസരിച്ച് ഭൂമി വിതരണം ചെയ്യുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്നും മറുപടി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

വനങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് നിയമപ്രകാരം അപേക്ഷ നൽകുമ്പോൾ അവരുടെ അവകാശങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നില്ല. വനഭൂമിയുടെ അവകാശവാദം ഊരുകൂട്ടത്തിൽ ഹാജരാക്കണം. സ്വീകാര്യമായ ക്ലെയിമുകൾ ആർ.ഡി.ഒ തലത്തിലുള്ള സബ് ഡിവിഷനൽ ലെവൽ കമ്മിറ്റിക്കും ജില്ല കലക്ടർ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ, ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങൾ എന്നിവരടങ്ങുന്ന ഡിവിഷനൽ ലെവൽ കമ്മിറ്റിക്കും കൈമാറണം. നിലമ്പൂർ ഐ.ടി.ഡി.പി ഓഫിസിലെ ഫയലുകൾ പ്രകാരം 51 കോളനികളിലായി 36 വനാവകാശ കമ്മിറ്റികളുണ്ട്.


ഊരുകൂട്ടത്തിൽനിന്ന് 1493-ലധികം അപേക്ഷകൾ ലഭിച്ചെങ്കിലും 948 ആദിവാസികളെ വനവാസികളായി കണ്ടെത്തി അവർക്ക് വനഭൂമിയുടെ രേഖ (ആർ.ഒ.ആർ) നൽകി. ഭൂമി വിതരണം ചെയ്തതിന്റെ രേഖകളും അവകാശ രേഖയും പരിശോധിച്ചതിൽ നിരവധി ആദിവാസി കുടുംബങ്ങൾക്ക് അവരുടെ പാരമ്പര്യ ഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തി.

എഫ്.ആർ നിയമത്തെക്കുറിച്ചും വനഭൂമിയിൽ ആദിവാസികൾക്കുള്ള അവകാശത്തെക്കുറിച്ചും അവർക്ക് ഇപ്പോഴും അവബോധം നൽകിയിട്ടില്ല. ഐ.ടി.ഡി.പി നിലമ്പൂർ പ്രോജക്ട് ഓഫിസറുടെ അധികാരപരിധിയിൽ വരുന്ന പണിയ, ചോലനായ്ക്കർ, കാട്ടുനായ്ക്കർ എന്നീ ഗോത്രങ്ങൾക്ക് വനാവകാശത്തെക്കുറിച്ച് തീരെ അറിവില്ല. വനഭൂമി വിതരണം ചെയ്ത 948 ആദിവാസി കുടുംബങ്ങളിൽ 183 പേർക്ക് 10 സെന്റിൽ താഴെയാണ് പതിച്ചുനൽകിയതെന്ന് പരിശോധനയിൽ വ്യക്തമായി. ഉദ്യോഗസ്ഥർ ആദിവാസികളെ പൂർണമായും പറ്റിച്ചു.

നിയമപ്രകാരം പരമാവധി നാല് ഹെക്‌ടർ (10 ഏക്കർ) ഭൂമി അവകാശപ്പെടാവുന്ന പ്രദേശത്ത് താമസിക്കുന്നവരെയാണ് ഉദ്യോഗസ്ഥർ പറ്റിച്ചത്. ചിലയിടങ്ങളിൽ ആദിവാസികൾക്ക് നൽകിയിട്ടുള്ളത് ഒരു സെന്റിൽ താഴെ ഭൂമിയാണെന്നും പരിശോധയിൽ കണ്ടെത്തി. എഫ്.ആർ നിയമത്തിന്റെ പൂർണമായ ലംഘനമാണ് നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കാരണം വളരെ പരിമിതമായ ഭൂപ്രദേശങ്ങളിലേക്ക് ആദിവാസികളെ ഒതുക്കുകയാണ്. കഴിഞ്ഞ ഓഡിറ്റിലും വനാവകാശം നിയമം ഉദ്യോഗസ്ഥർ ലംഘിക്കുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.


ബോധവത്കരണ സെമിനാറുകൾ നടത്തുക മാത്രമാണ് ഇക്കാര്യത്തിൽ സർക്കാർ ചെയ്യുന്നത്. പുതുക്കിയ അപേക്ഷകൾ വിളിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. അതിനാൽ ബോധവത്കരണം ഒഴികെ ഇക്കാര്യത്തിൽ മറ്റു പുരോഗതിയില്ല.

ഭൂമി കേരളം പദ്ധതിയുടെ ഭാഗമായി 2010ലാണ് അവസാനമായി സർവേ നടത്തിയത്. കൂടുതൽ സർവേ നടത്തിയിട്ടില്ല. അതിനാൽ, എഫ്.ആർ ആക്ട് അനുസരിച്ച് വനങ്ങളിലെ തങ്ങളുടെ ആവാസവ്യവസ്ഥക്കനുസരിച്ച് ഭൂമി അവകാശപ്പെടാൻ ആദിവാസികൾക്ക് കഴിയുന്നില്ല. വിഷയത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

Tags:    
News Summary - land given to adivasis for less than 10 cents; Report of official fraud is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.