ഗോത്രവർഗ സ്വാതന്ത്ര്യ സമര മ്യൂസിയത്തിന് വയനാട്ടിൽ ഭൂമി അനുവദിച്ചു


കോഴിക്കാട് : ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം വയനാട്ടിൽ സ്ഥാപിക്കാൻ സ്ഥലം അനുവദിച്ച് ഉത്തരവ്. പൊഴുതന ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിൽ പൊതു ആവശ്യത്തിനായി നീക്കിവെച്ചിരുന്ന 40 ഏക്കർ ഭൂമിയിൽനിന്ന് 20 ഏക്കറാണ് അനുവദിച്ചത്. ബ്ലോക്ക് 23 ലെ 77, 78, 79, 80 എന്നീ സർവേ നമ്പരിലെ ഭൂമിയാണ് മ്യൂസിയ നിർമാണത്തിനായി കണ്ടെത്തിയത്. 20 ഏക്കർ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് കിർത്താഡ്സ് ഡയറക്ടർ 2022 ഏപ്രിൽ 20ന് കത്ത് നൽകിയിരുന്നു. മ്യൂസിയം നിർമാണത്തിന് അനുയോജ്യമല്ലെന്ന് മ്യൂസിയം അധികൃതർ കണ്ടെത്തിയാൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയിലാണ് പട്ടികവർഗ ഡയറക്ടർ ടി.വി.അനുപമ വകുപ്പ് ഭൂമി അനുവദിച്ചത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗ വിഭാഗക്കാർ നൽകിയ സംഭാവനകൾ പരിഗണിച്ച് അവരുടെ സംഭാവനകൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക മ്യൂസിയങ്ങൾ നിർമിക്കാൻ കേന്ദ്ര ഗോത്രവർഗ മന്ത്രാലയമാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ അവർക്കെതിരെ പോരാടിയ ധീരരായ ഗോത്രവർഗ വിഭാഗക്കാർ അധിവസിച്ചിരുന്ന സംസ്ഥാനങ്ങളിൽ അവർക്കായി പ്രത്യേക മ്യൂസിയങ്ങൾ സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ഗോത്രവർഗ മന്ത്രാലയം നിരവധി ചർച്ചകൾ നടത്തി. കോഴിക്കോട് ആദിവാസികള്‍ക്കായി മ്യൂസിയം നിർമിക്കാനായിരുന്നു കിർത്താഡ്‌സിന്റെ നിർദേശം. ആദിവാസികൾ അധിവസിക്കുന്ന വയനാട്ടിലോ അട്ടപ്പാടിയിലോ മ്യൂസിയം നിർമിക്കണമെന്ന ആവശ്യം ഗോത്രവർഗ മന്ത്രായത്തിന് മുന്നിലെത്തി. അതോടെ വയനാട്ടിലാകണം മ്യൂസിയമെന്ന് ഗോത്രവർഗ മന്ത്രാലയം നിർദേശം നൽകി.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ വയനാട്ടിലെ ആദിവാസികളായ കുറിച്യരും കുറുമ്പരും അമ്പും വില്ലുമേന്തി നടത്തിയ സാധുയ പോരാട്ടം ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയി. ആദിവാസികളുടെ ഗറില്ലായുധത്തിന് മുന്നിൽ ബ്രിട്ടീഷ് പട്ടാളം ആദ്യഘട്ടിൽ വെല്ലുവിളി നേരിട്ടു. തുടർന്ന് സബ്കലക്ടർ ബാബർ ആദിവാസികളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നു. ആധുനിക ആയുധങ്ങളുമായി മൈസൂരിൽ നിന്നും എത്തിയ ബ്രിട്ടീഷ് പട്ടാളം എല്ലാ ഭാഗത്തുനിന്നും കുറിച്യരെ നേരിട്ടു. ലഹളകൾക്ക്‌ നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825-മെയ്‌ ഒന്നിന്‌ ബ്രിട്ടീഷുകാർ തലവെട്ടിയാണ്‌ കൊലപ്പെടുത്തിയത്‌. വെൺകലോൻ കേളുവിനെ പരസ്യമായി തൂക്കിലേറ്റി. 1812 മെയ്‌ എട്ടോടെ കലാപം പൂർണമായി അടിച്ചമർത്തി. ആ പോരാട്ട ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ് മ്യൂസിയം. കേന്ദ്രസർക്കാർ നിർമാണത്തിനായി 16 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

Tags:    
News Summary - Tribal Freedom Struggle Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.