മൂന്നാർ: ഡിസംബറിൽ മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയിലമരുന്നു. കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രി സെൽഷ്യസ് ആണ് തിങ്കളാഴ്ച പുലർച്ചെ രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്.
പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മഴ പൂർണമായും മാറിയതോടെ ഇനിയും തണുപ്പ് കുറയുമെന്നും പൂജ്യം ഡിഗ്രിക്ക് താഴെ എത്തുമെന്നുമാണ് കരുതപ്പെടുന്നത്.
കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു എങ്കിലും പിന്നീട് വർധിച്ചിരുന്നു. അതിനുശേഷം തിങ്കളാഴ്ച പുലർച്ചെയോടെയാണ് മൂന്നുഡിഗ്രിയിലേക്ക് താഴ്ന്നത്.
മൂന്നാറിലെ താപനില കുറഞ്ഞത് വിനോദ സഞ്ചാര മേഖലക്ക് ഉണർവേകിയിരിക്കുകയാണ്. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. വൈകീട്ടോടെ തണുപ്പെത്തുകയും പകൽ സമയത്ത് താപനില ഉയരുന്നതുമായ കാലാവസ്ഥ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ ഇവിടേക്ക് സഞ്ചാരികളെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.