‘മുഖ്യമന്ത്രിയുടേതിനേക്കാൾ വലിയ കാറുള്ളവനാണ് ഞാൻ; എന്തുകൊണ്ടാണ് എൻ.എസ്.എസിനെ കുറ്റപ്പെടുത്താത്തത്?’ -വെള്ളാപ്പള്ളി

ആലപ്പുഴ: താൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ പോയതിനെ ചിലർ പരിഹസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാൻ തനിക്കെന്താ അയിത്തമുണ്ടോ എന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ കാറിനേക്കാൾ വലിയ കാറുള്ളവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കൂട്ടുകെട്ട് എൽ.ഡി.എഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനങ്ങളോട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള അയ്യപ്പ സംഗമത്തെ എസ്.എൻ.ഡി.പി യോഗം മാത്രമല്ല എൻ.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എൻ.എസ്.എസിനെ കുറ്റപ്പെടുത്താത്തത്? പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരിൽ എന്നെമാത്രം ചിലർ കുറ്റപ്പെടുത്തുന്നത്?

മുന്നണികൾ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താൻ മാത്രമല്ല എൻ.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവർക്ക് സ്കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നൽകാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വർഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോൺഗ്രസ് അവർ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? 24 മണിക്കൂറും വർഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോൺഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കൾ തിരിച്ചറിയുന്നില്ല. അവർ ലീഗിന് അടിമപ്പെടുകയാണ് -വെള്ളാപ്പള്ളി പറഞ്ഞു. 

Tags:    
News Summary - kerala local body election 2025: Vellappally Natesan about pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.