കൊച്ചി: വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരം നിശ്ചയിക്കാൻ ഭൂമിയുടെ സ്വഭാവംകൂടി കണക്കിലെടുക്കണമെന്ന് ഹൈകോടതി. ഇതിന് റവന്യൂ രേഖകളെ മാത്രം അടിസ്ഥാനമാക്കരുത്. ഏറ്റെടുക്കുന്ന ഭൂമി ഉപയോഗിച്ചിരുന്നത് എന്താവശ്യത്തിനായിരുന്നു, ഏറ്റെടുക്കുന്ന ഭൂമി ഏത് തരം സ്ഥലത്തിന്റെ ഭാഗമാണ്, അടിസ്ഥാന സൗകര്യങ്ങൾ വികസിച്ച മേഖലയാണോ, റോഡുകൾ ഏത് സ്വഭാവത്തിലുള്ളതാണ്, പ്രദേശത്തിന് സർക്കാർ നിശ്ചയിച്ച ന്യായ വിലയെന്ത് തുടങ്ങിയവയെല്ലാം പരിഗണിച്ച് വേണം നഷ്ടപരിഹാരം നിശ്ചയിക്കാനെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി ഏറ്റെടുത്ത തന്റെ ഭൂമി റവന്യൂ രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തിയിരുന്നതിന്റെ പേരിൽ കുറഞ്ഞ വില കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിച്ചെന്നാരോപിച്ച് കോട്ടയം പേരൂർ സ്വദേശിനി മനോ അലക്സ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2019ലാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഹരജിക്കാരി 2010ൽതന്നെ ഭൂമി ഡേറ്റ ബാങ്കിൽനിന്ന് മാറ്റാനായി അപേക്ഷ നൽകുകയും ഇത് അനുവദിക്കുകയും ചെയ്തിരുന്നു.
റവന്യൂ രേഖകളിൽ മാറ്റംവരുത്താനുള്ള അപേക്ഷയും നൽകി. ഇത് കണക്കിലെടുക്കാതെ റവന്യൂ രേഖകളിൽ ഭൂമി നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് തെറ്റാണെന്ന ഹരജിക്കാരിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹരജിക്കാരിയുടെ ഭൂമി ഡേറ്റ ബാങ്കിൽനിന്ന് നീക്കിയതാണെന്നതടക്കം കണക്കിലെടുത്ത് ബന്ധപ്പെട്ട അതോറിറ്റി നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ഡേറ്റ ബാങ്കിൽനിന്ന് മാറ്റുന്നതിന്റെ അർഥം ഭൂമി 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിലമല്ലെന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.