മുഖ്യമന്ത്രി, റവന്യുമന്ത്രി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ

വയനാട്ടിലെ ഭൂമി ഏറ്റെടുക്കൽ: 2013ലെ നിയമപ്രകാരം ഭൂവുടമസ്ഥന് മാത്രമേ നഷ്ടപരിഹാരം നൽകാനാവുയെന്ന് നിയമവിദഗ്ധർ

കോഴിക്കോട് : വയനാട്ടിലെ ഭൂമി ഏറ്റെടുക്കലിൽ 2013ലെ എൽ.എ.ആർ.ആർ നിയമപ്രകാരം ഭൂവുടമസ്ഥന് മാത്രമേ നഷ്ടപരിഹാരം നൽകാനാവുയെന്ന് നിയമവിദഗ്ധർ. തോട്ടം കൈവശംവെച്ചരിക്കുന്നവർക്ക് നഷ്ടപരിഹാരം വേണമെങ്കിൽ അവർ കോടതിയിൽ ഭൂവുടമസ്ഥത തെളിയിക്കണം. 2013ലെ നിയമം ഉടമസ്ഥന് മാത്രമേ നഷ്ടപരിഹാരം നൽകാനാവുയെന്നാണ് റവന്യൂ വകുപ്പും പറയുന്നത്.

തോട്ടങ്ങൾ എറ്റെടുക്കുന്നതിനെതിരായി കമ്പനികൾ ഫയൽ ചെയ്ത റിട്ട് പെറ്റീഷനുകൾ തീർപ്പാക്കി ഹൈകോടതി സിംഗിൾ ബെഞ്ച് 2024 ഡിസംബർ 27നാണ് ഉത്തരവായത്. കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം പുനരധിവാസത്തിനായി തോട്ടങ്ങൾ സർക്കാരിന് ഏറ്റെടുക്കാവുമെന്നും കൈവശ കക്ഷികൾക്ക് 2013ലെ നിയമ പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉത്തരവായത്.

ഈ വിധിന്യായത്തിലെ ചില പരാമർശങ്ങളിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് 2025 ജനുവരി 13ന് നിയമോപദേശം തേടിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ടി. സിദ്ദീഖിന് രേഖാമൂലം മറുപടി നൽകിയത്. വിചിത്രമായ വിധിന്യായമാണ് കോടതിയിൽ നിന്നുണ്ടായത്. സർക്കാർ തീരുമാനം അനുസരിച്ചേ ഭൂമി ഏറ്റെടുക്കാൻ കഴിയു.

ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയ കോടതി വിധിക്കെതിരെ ഹാരിസൺസ് കമ്പനി ഡിവിഷൻ ബെഞ്ചിൽ അപ്പീലും ഫയൽ ചെയ്തു. അതിനാൽ സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ ഉറച്ച് നിന്ന് വാദിക്കണമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ ഇളവ് നൽകിയ 2013ലെ നിയമപ്രകാരം ഭൂമിക്ക് പൊന്നും വില നിൽകി ഏറ്റടുക്കാനാവില്ല. ഭൂപരിധിക്ക് പുറത്തുള്ള ഭൂമിയാണിത്.

പാട്ടാവകാശം മാത്രമാണ് ഭൂമി കൈവശം വെച്ചരിക്കുന്നവരുടെ കൈയിലുളളത്. ഭൂപരിഷ്കരണ നിയമം പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയാണ് ഇവർ കൈവശം വെച്ചിരിക്കുന്നത്. തോട്ടം ആയതിനാൽ മാത്രമാണ് ഇവർക്ക് ഇളവ് ലഭിച്ചിരിക്കുന്നത്. ഭൂമിക്ക് നിയമപ്രകാരം ശാശ്വതമായ ഒരിളവും നൽകിയിട്ടില്ല. ശാശ്വതമായ ഇളവാണ് ലഭിച്ചതെന്ന് വാദിക്കാൻ കമ്പനികൾക്ക് കഴിയില്ല.

ഭൂപരിഷ്കരണ പാക്കേജിന് അപ്പുറം ഒരു പാക്കേജ് നിലവിലെ തോട്ടം ഭൂമി ഏറ്റെടുക്കുന്നതിലും സർക്കാരിന് പ്രഖ്യാപിക്കാൻ കഴിയില്ല. ഭൂപരിഷ്കരണ പാക്കേജ് കൈയൊഴിഞ്ഞ് 2013ലെ ഭൂമി ഏറ്റടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം കൊടുക്കുക എന്നത് പ്രായോഗികമല്ല. ഭൂപരിഷ്കരണ നിയമപ്രകാരം ഒരേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 300 രൂപയാണ് നൽകിയത്.

ഭൂമിയുടെ ഉടമക്ക് മാത്രമേ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള രണ്ട് ലക്ഷം രൂപ നൽകാൻ കഴിയു. വയനാട്ടിലെ മണ്ണിൽ തോട്ടം ഇല്ലായിരുന്നില്ലെങ്കിൽ മിച്ചഭൂമിയായിരുന്നു. തൊഴിലാളികൾക്ക് തൊഴിലിൽ നൽകാൻ ഇളവ് കൊടുത്ത ഭൂമിയാണ്. മറ്റുള്ളവരുടെ മിച്ചഭൂമിയെല്ലാം നിയമപ്രകാരം ഏറ്റെടുത്തു. ലക്ഷക്കണക്കിന് ഏക്കർ മിച്ചഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. വയനാട്ടിലേതാകട്ടെ പാട്ടഭൂമിയാണ്. 15 ഏക്കർ പോലും ഭൂമി വിലകൊടുത്ത് വാങ്ങിയതല്ല.

ഭൂപരിഷ്കരണം സമ്പന്നന് ഭൂമി കൊടുക്കാനുള്ള നിയമമല്ല. ഭൂപരിഷ്കരണ പ്രകാരം പാട്ടഭൂമിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. ഇതിന് മുമ്പ് നാല് ഭൂമി ഏറ്റെടുക്കൽ കേസ് വയനാട്ടിൽ വന്നിരുന്നു. ഉമ്മൻചാണ്ടി സർക്കാരും ഭൂപരിഷ്കരണ നിയമത്തിൽ ഉറച്ച് നിന്നാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ സർക്കാർ ഭൂപരിഷ്കരണ നിയമം അട്ടമറിക്കരുതെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

Tags:    
News Summary - Land acquisition in Wayanad: Legal experts say compensation can only be given to the land owner under the 2013 Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.