ആര്‍പ്പൂക്കര(കോട്ടയം): കണ്‍മുന്നില്‍ കത്തിയെരിഞ്ഞ പ്രിയ സഹപാഠിയുടെ മുഖമായിരുന്നു അവരുടെ കണ്‍നിറയെ. ഒരിക്കല്‍കൂടി ആ മുഖമൊന്നുകാണാന്‍ വിതുമ്പലോടെ കാത്തുനിന്നെങ്കിലും അവസാനമായി പ്രിയലക്ഷ്മിയെ കാണാന്‍ അവര്‍ക്കായില്ല.
ഒടുവില്‍ മനസ്സില്‍നിന്ന് മായില്ളെന്ന് ഉറക്കെപ്പറഞ്ഞ് അവര്‍ സുഹൃത്തിന് യാത്രാമൊഴിയേകി. പൂര്‍വവിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കോട്ടയം എസ്.എം.ഇയിലെ നാലാംവര്‍ഷ ഫിസിയോതെറപ്പി വിദ്യാര്‍ഥി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തായിരുന്നു കണ്ണീര്‍ക്കാഴ്ചകള്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വെള്ളതുണിയില്‍ പൊതിഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ കയറ്റുന്നതിനിടെ കാത്തുനിന്ന സഹപാഠികള്‍ നിയന്ത്രണംവിട്ട് ആര്‍ത്തു കരഞ്ഞു. കണ്ണുകള്‍ കണ്ണീര്‍തോടുകളായി മാറി. കൂട്ടക്കരച്ചിലിനിടെ ലക്ഷ്മിയുടെ ഉറ്റസുഹൃത്ത് ഭരണങ്ങാനം സ്വദേശി അശ്വതി മോഹാലസ്യപ്പെട്ടു വീണു.
വ്യാഴാഴ്ച രാവിലെ 10.30ന് ലക്ഷ്മിയുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മുഖവും ശരീരവും കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ മൃതദേഹം ആരെയും കാണുവാന്‍ അനുവദിച്ചില്ല. കൊലപ്പെടുത്തിയ ആദര്‍ശിന്‍െറ മൃതദേഹവും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കി. ഇരുവരുടെയും മൃതദേഹം കനത്ത പൊലീസ് കാവലിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബഹളങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകാതിരിക്കാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറുന്നതുവരെ കനത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു മെഡിക്കല്‍ കോളജ് മോര്‍ച്ചറി. ഏതെങ്കിലും തരത്തിലുള്ള ബഹളം ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം രാവിലെ എട്ടിന് ഇന്‍ക്വസ്റ്റ് നടത്തി.
11ന് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. സഹപാഠികളും മൃതദേഹത്തെ അനുഗമിച്ചു.
അവര്‍ പോയശേഷം 12നാണ് ആദര്‍ശിന്‍െറ ബന്ധുക്കളെ പൊലീസ് വിളിച്ച് ഇന്‍ക്വസ്റ്റ് വൈകീട്ട് മൂന്നിന് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ (എസ്.എം.ഇ) നാലാംവര്‍ഷ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് കൃഷ്ണകുമാര്‍-ഉഷാറാണി ദമ്പതികളുടെ മകള്‍ ലക്ഷ്മി (21) ഇതേ കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസ് മംഗലത്ത് സുനീതന്‍െറ മകള്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ക്ളാസ്മുറിയില്‍ വെച്ചായിരുന്നു സംഭവം. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍െറ വൈരാഗ്യത്തില്‍ ആദര്‍ശ് കൈയില്‍ കരുതിയ പെട്രോള്‍ ലക്ഷ്മിയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു.
സ്വയം കത്തിച്ച ആദര്‍ശും ലക്ഷ്മിയും പിന്നീട് മരണപ്പെടുകയായിരുന്നു. ഡിവൈ.എസ്.പി ഗിരിഷ് പി. സാരഥിയുടെ സാന്നിധ്യത്തില്‍ സി.ഐ നിര്‍മല്‍ ബോസ്, എസ്.ഐ എം.ജെ. അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.