തിരുവനന്തപുര: കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണെങ്കിലും ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും സാമൂഹികനീതി തത്വത്തെയും അട്ടിമറിക്കുന്നതാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്ക് അയച്ച കത്തിൽ മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, സുരക്ഷിത തൊഴിൽ സാഹചര്യം എന്നിവയിൽ വെള്ളംചേർക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് തൊഴിൽ. എന്നിട്ടും സംസ്ഥാന സർക്കാരുകളുമായോ കേന്ദ്ര ട്രേഡ് യൂനിയനുകളുമായോ കൃത്യമായ കൂടിയാലോചന നടത്താതെയാണ് കേന്ദ്രം ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടത്. ജനാധിപത്യപരമായ ചർച്ചകൾ ഒഴിവാക്കുന്നത് രാജ്യത്തെ തൊഴിൽ സമാധാനം തകർക്കാനേ ഉപകരിക്കൂ. ഈ സാഹചര്യത്തിൽ, നിലവിലെ രൂപത്തിൽ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണം. സംസ്ഥാന സർക്കാരുകളെയും തൊഴിലാളി സംഘടനകളെയും ബന്ധപ്പെട്ട മറ്റ് കക്ഷികളെയും ഉൾപ്പെടുത്തി സുതാര്യവും വിശാലവുമായ ചർച്ചകൾക്ക് തുടക്കമിടണം. തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിച്ച് മാത്രമേ പുതിയ നിയമങ്ങൾ നടപ്പിലാക്കാവൂവെന്നും കത്തിൽ ആവശ്യപ്പെട്ടു.
ലേബർ കോഡ് പിൻവലിക്കണമെന്ന ആവശ്യവുമായി മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കേന്ദ്ര തൊഴിലാളി സംഘടന പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം വൈകാതെ കേന്ദ്രമന്ത്രിയെ കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.