ബോൾഗാട്ടി പാലസ് വിൽക്കാൻ കെ.വി തോമസ് കരാറുണ്ടാക്കി; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

കൊച്ചി: മുൻ മന്ത്രി കെ.വി തോമസിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2003ൽ ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കെ.വി തോമസ് കരാറുണ്ടാക്കിയെന്നാണ് ആരോപണം. ഒരു ടെൻഡറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെ.വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചതെന്നും ഫേസ്ബുക് കുറിപ്പിലൂടെയും തന്‍റെ യൂട്യൂബ് ചാനലിലിലൂടെയും ചെറിയാൻ ഫിലിപ് ആരോപിക്കുന്നു.

കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം. തോമസ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കെ.പി.സി.സി വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കെ.പി.സി.സി പുറത്താക്കിയത്.


ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക് പോസ്റ്റ്

ബോൾഗാട്ടി പാലസ് വിൽക്കാൻകെ വി തോമസ് കരാറുണ്ടാക്കി

2003-ൽ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ കെ.ടി.ഡി.സി വക ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം ഒരു മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ കരാറുണ്ടാക്കിയിരുന്നു.

64 ആഢംബര നൗകകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിന് മലേഷ്യൻ കമ്പനിയുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറിൽ ഏർപ്പെട്ടത്. ഈ കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു. ഒരു ടെൻഡറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെ വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചത്. കരാർ പ്രകാരം കെ ടി ഡി സി ക്ക് 25 ശതമാനം ഓഹരി മാത്രം. 40 കോടി രൂപയാണ് മറീന നിർമ്മാണത്തിന്റെ ചെലവ്. ബോൾഗാട്ടി പാലസും ഹോട്ടലുമെല്ലാം കെ.ടി ഡിസിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സർക്കാർ സ്വത്തിന് പത്തു കോടി രൂപ മാത്രം വിലയാണിട്ടത്.

2006 ൽ ഞാൻ കെടിഡിസി ചെയർമാൻ ആയപ്പോൾ ഈ കരാർ അവഗണിച്ചു കൊണ്ട് ഈ പ്രോജക്ട് കെ.ടി.ഡി സി യുടെ ഉടമസ്ഥതയിൽ നേരിട്ടു നടപ്പാക്കി. നിർമ്മാണ ചുമതല ആഗോള ടെൻഡർ വിളിച്ച് ഒരു വിദഗ്ധ സമിതിയുടെ പരിശോധന പ്രകാരമാണ് ഷാർജയിലെ ഒരു കമ്പനിയെ ഏല്പിച്ചത്. കേന്ദ്ര സഹായത്തോടെയും ബാങ്ക് ലോൺ എടുത്തുമാണ് പണം സമാഹരിച്ചത്. അനുബന്ധമായി 32 ഡീലക്സ് മുറികളുള്ള മറീന ഹൗസും നിർമ്മിച്ചു , 2008 ൽ മറീനയ്ക്ക് മുഖ്യമന്ത്രി അച്ചുതാനന്ദൻ തറക്കല്ലിടുകയും 2010 ൽ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

Tags:    
News Summary - KV Thomas enters into agreement to sell Bolgatti Palace; Cherian Philip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.