പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ. രാഹുൽ മാങ്കൂട്ടത്തലിനെ വേദിയിലിരുത്തിയാണ് പി.ജ.കുര്യന്റെ വിമർശനം.യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ ടി.വിയിൽ മാത്രം കണ്ടാൽ പോരായെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലങ്ങളിലിറങ്ങി 25 പേരെയെങ്കിലും സംഘടിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷവും ഭരണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഉള്ളവേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷുഭിത യൗവ്വനങ്ങളെ കൂടെ നിർത്തുന്നതിൽ എസ്.എഫ്.ഐ വിജയിച്ചുവെന്ന് പി.ജെ കുര്യൻ പറഞ്ഞു. എസ്.എഫ്.ഐയുടെ സർവകലാശാല സമരം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ നിർദേശിച്ച സ്ഥാനാർഥികളെ നിർത്തിയിരുന്നുവെങ്കിൽ രണ്ട് മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫിന് ജയിക്കാമായിരുന്നു. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ കെട്ടിയിറക്കിയ സ്ഥാനാർഥികളെ നിർത്തിയാൽ വിജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർക്കും വി.സിക്കുമെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ മൂന്നുമണിക്കൂറോളം കേരള സർവകലാശാല ആസ്ഥാനം യുദ്ധക്കളമായിരുന്നു. പൊലീസിന്റെ ബാരിക്കേഡും ഗേറ്റും ചാടിക്കടന്നും ഓഫീസിലെ കാവാടം തള്ളിതുറന്നും പ്രവർത്തകർ ഉള്ളിലേക്ക് ഇരച്ചുകയറി. ജനാലവഴി ഉൾപ്പെടെയാണ് നൂറുക്കണക്കിനു പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. വി.സിയുടെ ഓഫീസിന്റെ അടുത്തുവരെ പ്രവർത്തകരെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.