കുഞ്ഞിമുഹമ്മദ് വളാഞ്ചേരി നിര്യാതനായി

വളാഞ്ചേരി: ‍ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല സംഘാടകനും പണ്ഡിതനുമായ കുഞ്ഞിമുഹമ്മദ് വളാഞ്ചേരി (78) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) വൈകീട്ട് നാലിന് വളാഞ്ചേരി കാട്ടിപ്പരുത്തി ജുമാമസ്ജിദിൽ. 1939ല്‍ പാറമ്മല്‍ മരക്കാര്‍ ഹാജി- കോരക്കോട്ടില്‍ ഫാത്തിമ ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനനം.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കാസര്‍ഗോഡ് ആലിയാ അറബിക് കോളജ്,  ഉമറാബാദ് ജാമിആ ദാറുസ്സലാം, സൗദി അറേബ്യയിലെ മദീനാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. വൈക്കത്തൂര്‍ എ.യു.പി. സ്‌കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്, സൗദിഅറേബ്യാ സർക്കാറിന്‍റെ മര്‍ക്കസുദ്ദഅവാ വല്‍ ഇര്‍ഷാദ് വകുപ്പിന്‍റെ കീഴില്‍ യു.എ.ഇയില്‍ 26 വര്‍ഷത്തോളം മതാധ്യാപകനായി സേവനമനുഷ്ഠിച്ചു.

വളാഞ്ചേരിയിലെ ദാറുല്‍ ഇസ്ലാം ട്രസ്റ്റിന്റെയും അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെയും സ്ഥാപകാംഗമാണ്. കാസര്‍ഗോഡ് ആലിയാ അറബിക് കോളജിന്‍റെ അലുംനി പ്രസിഡന്‍റാണ്. പ്രബോധനം, ചന്ദ്രിക, അല്‍മനാര്‍ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ദീര്‍ഘകാലം പ്രബോധനം വാരികയില്‍ ഹദീസ് പംക്തി കൈകാര്യം ചെയ്തിരുന്നു. യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈന്‍ റേഡിയോവിലെ ഇസ്ലാമിക വിഭാഗത്തിന്റെ തലവനായിരുന്നു.

ഏഷ്യാനെറ്റിലെയും മിഡില്‍ ഈസ്റ്റ് ടെലിവിഷനിലെയും റമദാന്‍ പരിപാടികളില്‍ ആദ്യകാലങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. യു.എ.ഇ. ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി) ജനറല്‍ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി വളാഞ്ചേരി പ്രാദേശിക അമീര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. കൃതികള്‍: വിശുദ്ധിയുടെ വഴി (അമ്പത് ഹദീസുകളുടെ സമാഹാരം), മുസ്ലിം വിദ്യാർഥികള്‍ക്കൊരു മതബോധന പദ്ധതി, ഹജ്ജ്; ഒരു സാമാന്യരൂപം, ഹജ്ജ്; ഒരു ലഘുപഠനം, ഹജ്ജിന്റെ ആത്മാവ് (വിവര്‍ത്തനം).

Tags:    
News Summary - kunjumohammed valanchery passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.