വി.ഡി സതീശൻ
തിരുവനന്തപുരം : കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചതിന് ശേഷം ജൂലൈ 2-ന് സിയാദിന് നാട്ടുകാരനായ മറ്റൊരു യുവാവിൽ നിന്ന് മർദനമേറ്റിരുന്നതായി മുഖ്യമന്ത്രി വി.ഡി സതീശൻ. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഡി.ജി.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ 16-നാണ് അയൽവാസിയായ 13 വയസ്സുകാരനെ കാണാനില്ലെന്ന പരാതിയിൽ കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജൂൺ 17-ന് തന്നെ ഇയാളെ വിട്ടയച്ചിരുന്നു. വിട്ടയച്ച് 13 ദിവസത്തിന് ശേഷമാണ് നാട്ടുകാരനിൽ നിന്ന് മർദനമേൽക്കുന്നതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. പിന്നീട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് ഒരു മാസത്തിലേറെ സമയം കഴിഞ്ഞ്, ജൂലൈ 25-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സിയാദ് മരണപ്പെടുന്നത്. പോസ്റ്റ്‌മോർട്ടം മെഡിക്കൽ റിപ്പോർട്ട് പ്രകാരം ഹെപ്പറ്റൈറ്റിസ് രോഗബാധ മൂലമാണ് സിയാദിന്റെ മരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിതാവിന്റെ സഹോദരൻ നൽകിയ മൊഴിയുടെയും ജൂലൈ 2-ലെ സംഭവങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം.
അതേസമയം, കുണ്ടറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർ സിയാദിനെ ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ജൂൺ 16-ന് രാത്രി വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വെച്ച് മുതുകത്ത് ശക്തമായി മർദിച്ചെന്നും ഇതേത്തുടർന്ന് വാരിയെല്ല് പൊട്ടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സ്റ്റേഷനിലെത്തിച്ച ശേഷവും ലാത്തിയും തോക്കും ഉപയോഗിച്ച് ദ്രോഹിച്ചതായി സിയാദ് ഫോണിലൂടെ ഭാര്യയെ അറിയിച്ചിരുന്നു. പൊലീസിന്റെ മർദനത്തിൽ പരിക്കേറ്റ് അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും, സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നും സിയാദിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.