എൻ. ഷംസുദ്ദീൻ, സ്നേഹിൽകുമാർ സിങ്
മന്ത്രിപോലും അറിയാതെ തുടർച്ചയായി സ്ഥാനചലനം; വിദ്യാഭ്യാസ ഡയറക്ടറെ വീണ്ടും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് 33 ഐ.എ.എസ് ഉദ്യോഗസ്ഥരെ രണ്ടുദിവസം മുമ്പ് സ്ഥലംമാറ്റിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽകുമാർ സിങ്ങും. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം മൂന്നുപേർ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന, അരുൺ കെ. വിജയനാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ.
അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അതൃപ്തിയിലാണെന്നാണ് വിവരം. ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചതായാണ് സൂചന. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും നീക്കമുണ്ട്.
മുമ്പ് ഡയറക്ടര്‍മാരെ മാറ്റുമ്പോള്‍ മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ മന്ത്രിയോട് പോലും ആലോചിക്കാതെയാണ് ഉദ്യോഗസ്ഥരെ മാറ്റുന്നതെന്നാണ് വിമര്‍ശനം. അടുത്തമാസം കായികമേള നടക്കാനിരിക്കെ, ഡയറക്ടറെ മാറ്റുന്നത് വിദ്യാഭ്യാസ വകുപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഡി.ജി.ഇ പോസ്റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്‍.എസ്.കെ ഉമേഷായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ. പിന്നീട് ആസിഫ് യൂസഫിനെ നിയമിച്ചു. അതിനുശേഷമാണ് സ്‌നേഹില്‍ കുമാർ സിങ് നിയമിതനായത്.
സ്നേഹിൽ കുമാർ സിങ്ങിനെ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായാണ് മാറ്റി നിയമിച്ചത്. കൃഷി വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമനെ വനം-വന്യജീവി വകുപ്പിൽ ജോയന്റ് സെക്രട്ടറിയായും ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കാസർകോട് ജില്ല കലക്ടറായി സ്ഥലംമാറ്റിയ അർജുൻ പാണ്ഡ്യനെ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യ സുരക്ഷ കമീഷണർ ശ്രീധന്യ സുരേഷാണ് കാസർകോട് ജില്ലയുടെ പുതിയ കലക്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.