താനൂര്‍: രാഷ്ട്രീയ സംഘർഷം പതിവായ താനൂരിെൻറ കണ്ണീരൊപ്പാന്‍ പത്തിന കര്‍മ പദ്ധതികള്‍ക്ക് സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയെൻറ നിര്‍ദേശപ്രകാരം താനൂരില്‍ മന്ത്രി കെ.ടി. ജലീല്‍ വിളിച്ച സര്‍വ കക്ഷിയോഗം മേഖലയില്‍ സമാധാനം പുലര്‍ത്താന്‍ ആഹ്വാനം ചെയ്തു. ഇൗ യോഗത്തിലാണ് ഒരു മാസത്തിനകം നടപ്പാക്കാവുന്ന പത്തിന നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. സമാധാനം നിലനില്‍ക്കുന്ന കാലത്തോളം പൊലീസ് നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നത് കൂടിയായി യോഗം.
ഇരുവിഭാഗവും തമ്മിലുള്ള കേസുകള്‍ തീര്‍പ്പാക്കാൻ ഒരു മാസത്തിനകം യോഗം ചേരാനും അതില്‍ നഷ്ടപരിഹാര സാധ്യതകള്‍ ഉൾപ്പെടെ ചര്‍ച്ച ചെയ്യാനുമാണ് പ്രധാന തീരുമാനം. സര്‍വകക്ഷി സംഘത്തിെൻറ നേതൃത്വത്തില്‍ ഒരു മാസത്തിനകം സംഘര്‍ഷ മേഖലയില്‍ സമാധാനറാലി നടത്തും.
എല്ലാ പാര്‍ട്ടികളും പ്രാദേശിക യോഗങ്ങള്‍ വിളിച്ച് സമാധാനത്തിെൻറ ആവശ്യകത അണികളെ ബോധ്യപ്പെടുത്തണം. പ്രശ്നബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൗണ്‍സലിങ് നടത്തും. നാട് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാനും ജോലികളിൽ ഏര്‍പ്പെടാനും സാഹചര്യമൊരുക്കും. ആക്രമണ കേസുകളില്‍ പ്രതികളെന്ന് പൊലീസ് സംശയിക്കുന്നവരെ സംരക്ഷിക്കാതെ അവരെ പൊലീസിന് മുന്നില്‍ ഹാജരാക്കണം.
സമാധാനം തകര്‍ക്കുന്നവരെ ഒരു പാര്‍ട്ടിയും പിന്തുണക്കരുത്. കേസുകളില്‍ നിരപരാധികള്‍ ഉള്‍പ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണം. സമാധാനം നിലനില്‍ക്കുന്ന കാലത്തോളം ഇനി പൊലീസ് നടപടിയുണ്ടാകില്ല. പ്രദേശത്ത് വ്യാപകമായി കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ച് സാഹോദര്യം വളര്‍ത്തും. തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാനും തീരുമാനിച്ചു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വി. അബ്ദുറഹ്മാൻ എം.എല്‍.എ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. നന്ദകുമാർ, ഡി.സി.സി അംഗം ഒ. രാജൻ, കെ പുരം സദാനന്ദന് (സി.പി.ഐ), അറമുഖന് (ബി.ജെ.പി), മേപ്പുറത്ത് ഹംസു (എൻ.സി.പി), മുന്‍മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. തിരൂര്‍ ആർ.ഡി.ഒ വി.ടി. സുഭാഷ് സ്വാഗതം പറഞ്ഞു.
താനൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ എം.പി. അഷ്റഫ്, ഡിവൈ.എസ്.പി എ.ജെ. ബാബു, മുന്‍ എം.എൽ.എ അബ്ദുറഹ്മാന് രണ്ടത്താണി, സി.പി.എം ജില്ല കമ്മിറ്റിയംഗം എ. ശിവദാസൻ, ഏരിയ സെക്രട്ടറി ഇ. ജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പൊലീസ് നടപടി ഭീതിജനക സാഹചര്യം നേരിടാൻ –മന്ത്രി കെ.ടി. ജലീല്‍
താനൂരിലുണ്ടായ പൊലീസ് നടപടി വെറുതെയുണ്ടായതല്ലെന്നും ഭീതിജനക സാഹചര്യം നേരിടാനായിരുന്നെന്നും തദ്ദേശമന്ത്രി കെ.ടി. ജലീല്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. എന്നാൽ, പ്രതികാര മനോഭാവത്തിൽ പൊലീസിെൻറ പീഡനമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. താനൂരില്‍ നാശനഷ്ടങ്ങളുണ്ടായെന്നത് ശരിയാണ്. അതേക്കുറിച്ച് മതിയായ അന്വേഷണം നടത്തി പട്ടിക തയാറാക്കും. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഇതിൽ തീരുമാനമെടുക്കാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് താനൂരിലുണ്ടായിരുന്ന ചെറിയ അസ്വസ്ഥതകളാണ് സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലേക്ക് വളര്‍ന്നത്. പൊലീസ് പലസമയത്തും ഇടപെടാതെ മാറിനിന്നു. ഇടപെടാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന ആക്ഷേപമുയര്‍ന്നു. ആ സാഹചര്യത്തിലാണ് വീണ്ടുമൊരു കലാപാന്തരീക്ഷമുണ്ടായപ്പോള് പൊലീസിന് ഇടപെടേണ്ടി വന്നത്. പൊലീസും പട്ടാളവും പ്രശ്നബാധിത പ്രദേശങ്ങളില്‍ ഇടപെടുമ്പോള്‍ ആരെയും പ്രത്യേകമായി സംരക്ഷിക്കാനോ എതിര്‍ക്കാനോ കഴിയില്ല. നടപടിക്കിടയാക്കിയ സാഹചര്യം ഇനിയുണ്ടാകാതെ നോക്കാനാണ് ശ്രമിക്കേണ്ടത്. സംഘര്‍ഷങ്ങള്‍ മൂലം നിര്‍ധനരാണ് ദുരിതത്തിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.