സാദിഖലി തങ്ങൾക്കെതിരെ മാപ്പർഹിക്കാത്ത മഹാപരാധം, ലീഗ് നിലപാട് സ്വാഗതാർഹം -കെ.ടി. ജലീൽ

മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അജ്ഞാതൻ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ചതിനെതിരെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി. ജലീൽ. സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിന്റെ ഖാദി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും. സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം’ -അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകീട്ടോടെയാണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിക്കുകയും ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം:

സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക.

കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഞാൻ ഉൾകൊള്ളുന്ന തൊഴുവാനൂർ മഹല്ലിൻ്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങൾ. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കാൻ നടത്തുന്ന കുൽസിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.

സാദിഖലി തങ്ങളെ സ്കൂൾ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എൻ്റെ മൂന്നു വർഷം സീനിയറായി ചേളാരി 'സമസ്താലയ'ത്തിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതൽക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എൻ്റെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങൾ. രാഷ്ട്രീയമായി ഞാൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.

സാദിഖലി തങ്ങളുടെ സഹധർമ്മിണി സുൽഫത്ത് ബീവി, പി.എസ്.എം.ഒ കോളേജിൽ എൻ്റെ ക്ലാസ്മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങൾ തീർത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികൾ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങൾക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാട് സ്വാഗതാർഹമാണ്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തിൽ സാദിഖലി തങ്ങൾക്കൊപ്പം.

Tags:    
News Summary - kt jaleel reacts allegations against panakkad sadik ali shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.