സര്‍ക്കാര്‍ പദ്ധതികളുമായി സന്നദ്ധസംഘടനകള്‍ സഹകരിക്കണം –കെ.ടി. ജലീല്‍

മലപ്പുറം: എല്ലാവര്‍ക്കും വീടെന്ന സ്വപ്നത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം സന്നദ്ധ സംഘടനകള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മന്ത്രി കെ.ടി. ജലീല്‍. രണ്ടത്താണി വലിയപറമ്പില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവനപദ്ധതി സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നാലു ലക്ഷത്തിനടുത്ത് വരുന്ന ഭവനരഹിതര്‍ക്കെല്ലാം വീട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.

എന്നാല്‍ നല്‍കാവുന്ന തുകക്കും സൗകര്യങ്ങള്‍ക്കും പരിമിതികളുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായം ലഭിച്ചാല്‍ ഒരുമിച്ച് ലക്ഷ്യം നിറവേറ്റാം. സമാന സംഘടനകളും വ്യക്തികളും ഇതുമായി സഹകരിച്ചാല്‍ ഒരു വീടിന് പകരം മൂന്നു വീടുകള്‍ നിര്‍മിക്കാനാകും. സാമ്പത്തികം മാത്രമല്ല വ്യക്തിഗത അധ്വാനവും ഇത്തരം സംരംഭങ്ങളില്‍ മുതല്‍കൂട്ടാകും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവനങ്ങള്‍ അതിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഭവനപദ്ധതിയെന്നും ഇത് ഭംഗിയായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കാലഘട്ടത്തിന്‍െറ അനിവാര്യമായ കടമയാണ് നിര്‍വഹിച്ചതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനമുള്‍കൊണ്ട് കൂടുതല്‍ പേര്‍ സഹകരണവുമായി മുന്നോട്ടു വന്നതായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ പറഞ്ഞു.

പട്ടിണിക്ക് ജാതിയും മതവും ഇല്ളെന്നും എല്ലാവരേയും സ്നേഹിക്കണമെന്നാണ് മതം പഠിപ്പിക്കുന്നതെന്നും അതിന്‍െറ സാക്ഷാത്കാരമാണ് പൂര്‍ത്തിയാക്കിയ ഭവനങ്ങളെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ശാന്തിയും സമാധാനവും ഈ വീടുകളില്‍ കളിയാടട്ടെ എന്ന് അദ്ദേഹം ഉണര്‍ത്തി.

 

Tags:    
News Summary - kt jaleel peoples foundation home project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.