ഹജ്ജും വഖഫും ന്യൂനപക്ഷക്ഷേമ വകുപ്പിന്‍െറ ഭാഗമാക്കാന്‍ ശ്രമിക്കും –മന്ത്രി കെ.ടി. ജലീല്‍

കോഴിക്കോട്: ഹജ്ജും വഖഫ് ബോര്‍ഡും ന്യൂനപക്ഷക്ഷേമ വകുപ്പിന്‍െറ ഭാഗമാക്കേണ്ടതുണ്ടെന്നും അതിനുവേണ്ടി ശ്രമം നടത്തുമെന്നും മന്ത്രി കെ.ടി. ജലീല്‍. വഖഫ് ബോര്‍ഡ് നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഖില കേരള വഖഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വഖഫ് സംബന്ധമായ തര്‍ക്കങ്ങളിലേറെയും മുസ്ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ക്കിടയിലെ പരാതിയുമായി ബന്ധപ്പെട്ടവയാണ്. വഖഫ് സ്വത്തിന്‍െറ മേഖല നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന് ഇത് തടസ്സമാവുന്നുണ്ട്. സമുദായത്തിലെ അഭിപ്രായ ഭിന്നതകളും പള്ളികളും മദ്റസകളും പിടിച്ചടക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുമാണ് വഖഫ് സംബന്ധമായ കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം.

വഖഫ് കേസുകള്‍ കൈകാര്യംചെയ്യാന്‍ കോഴിക്കോട് കേന്ദ്രമായി രണ്ടംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ട്രൈബ്യൂണല്‍ ആരംഭിക്കും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനും കണ്ടത്തെുന്നതിനുമായി റീസര്‍വേ നടത്തും. ഇതിനായി അടുത്ത ബജറ്റില്‍ പണം അനുവദിക്കാമെന്ന് ധനമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ ശ്രമിക്കണം.

മിക്ക കമ്മിറ്റികളും വഖഫ് ബോര്‍ഡിനു മുന്നില്‍ വരുമാനം മറച്ചുവെച്ചാണ് കാണിക്കുന്നത്. കോട്ടുമല ബാപ്പു മുസ്ലിയാരുടെ വിയോഗംമൂലം ഒഴിവുവന്ന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം പ്രതിനിധാനം ചെയ്ത സംഘടനയിലെ പ്രതിനിധിക്കുതന്നെ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍  എ.പി. അബ്ദുല്‍ വഹാബ് സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്‍െറ ഉന്നമനത്തിന് നീക്കിവെക്കപ്പെട്ട വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്നും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. ടി.പി. നസീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍ പെരിങ്ങാടി, പി.ടി. അബ്ദുല്‍ ഖാദര്‍, പി.ടി. മൊയ്തീന്‍ കുട്ടി, എ.എം. സീതിക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - K.T jaleel on haj issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.