പാലക്കാട്: ഇന്നിന്റെ കാലത്ത് ഉയർത്തേണ്ട പൊതു രാഷ്ട്രീയത്തേക്കുറിച്ചും പരസ്പരം പുലർത്തേണ്ട മുന്നണി മര്യാദകളേക്കുറിച്ചും തിരിച്ചറിവുകളുണ്ടാവുക എന്നത് ഏറെ പ്രധാനമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു-എം.എസ്.എഫ് തമ്മിലടിയുടെ പശ്ചാത്തലത്തിലായിരുന്നു ബൽറാമിന്റെ പ്രതികരണം.
യു.ഡി.എസ്.എഫിന്റെ ഒരുമിച്ചുള്ള പോരാട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ബൽറാം, പെരിന്തൽമണ്ണ ഗവ.കോളജിൽ നിന്നുള്ള യു.ഡി.എസ്.എഫിന്റെ ആഘോഷ ചിത്രവും പങ്കുവെച്ചു. 'എട്ടു മുക്കാൽ അട്ടിയില്ല, വാനംമുട്ടേ ഉയരത്തിൽ' എന്നെഴുതിയ ബാനറാണ് ഏറെ ഇഷ്ടമായതെന്നു ബൽറാം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവും എം.എസ്.എഫും തമ്മിലടിക്കുകയായിരുന്നു. വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ വർഗീയ അധിക്ഷേപമടങ്ങിയ ബാനറുമായി കെ.എസ്.യു നടത്തിയ പ്രകടനം വിവാദമായി. എം.എസ്.എഫിന്റെ കുത്തകയായിരുന്ന കൊടുവള്ളി കെ.എം.ഒ കോളജ് യൂനിയന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ‘എം.എസ്.എഫ്. തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി കെ.എസ്.യു ആഹ്ലാദ പ്രകടനം നടത്തിയത്.
ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെ.എം.ഒ കോളജില്‍ വര്‍ഷങ്ങളായി എം.എസ്.എഫായിരുന്നു യൂണിയന്‍ ഭരിച്ചിരുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെ.എസ്,യു വിജയിച്ചു.
അതിനിടെ, മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ എംഎൽഎമാർക്ക് എതിരെ ബാനറുമായി എം.എസ്.എഫ് രംഗത്തെത്തി. ടി. സിദ്ദീഖിനും ഐ.സി. ബാലകൃഷ്ണനും എതിരെയാണ് ബാനർ ഉയർത്തിയത്. ‘‘കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലേൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് എം.എസ്.എഫ് പ്രകടനം നടത്തിയത്. മുട്ടിൽ കോളജിൽ എം.എസ്.എഫ് ആണ് വിജയിച്ചത്. മറ്റു കോളജുകളിൽ മുന്നണി ധാരണ ലംഘിച്ച് എംഎസ്എഫ് സ്ഥാനാർഥികളെ കെഎസ്‌യു പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.