തൃശൂർ: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിനൊടുവിൽ അറസ്റ്റ് ചെയ്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം. നാല് മണിക്കൂറിലധികം വടക്കാഞ്ചേരി കോടതി പരിസരത്തെ ഗ്രൗണ്ടിൽ കാത്തുനിർത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കിയത്.
അർധരാത്രി 12ഓടെ മജിസ്ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ ചുമതലയുള്ള എരമപ്പെട്ടി എസ്.എച്ച്.ഒ റിമാൻഡ് റിപ്പോർട്ട് തയാറാക്കാനും മജിസ്ട്രേറ്റിന്‍റെ വസതിയിലേക്ക് എത്താനും വൈകിയതോടെയാണ് നാല് മണിക്കൂറിലധികം കെ.എസ്.യു നേതാക്കളെ ഗ്രൗണ്ടിൽ നിർത്തിയത്. അലോഷ്യസ് സേവ്യറിനെ കൂടാതെ സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ്, ജില്ല ഭാരവാഹികളായ അജ്മൽ പട്ടേരി, നിഹാൽ റഹ്മാൻ, അൻസാർ എന്നിവരെയാണ് ഗ്രൗണ്ടിൽ നിർത്തി പൊലീസ് ‘പ്രതികാരം’ തീർത്തത്. വിഷയത്തിൽ മജിസ്ട്രേറ്റ് അതൃപ്തി അറിയിച്ചതായി കെ.എസ്.യു പ്രവർത്തകർക്കായി ഹാജരായ അഡ്വ. അഖിൽ പി. സാമുവൽ, അഡ്വ. ജിസ്ന ഷാജി എന്നിവർ പറഞ്ഞു. ഒരു കയർ മുറിച്ചതിന് 10,000 രൂപയും ബാരിക്കേഡ് വീണതിന് 7,000 രൂപയുടെയും നഷ്ടമാണ് പൊലീസ് റിപ്പോർട്ടിൽ എഴുതിച്ചേർത്തിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. എസ്.എച്ച്.ഒക്ക് അടക്കം പരിക്കേറ്റതായ വാദം കോടതിയിൽ നിലനിന്നില്ലെന്നും വ്യക്തമാക്കി.
കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ ജില്ല വൈസ് പ്രസിഡന്‍റ് അടക്കം മൂന്ന് നേതാക്കളെ കറുത്ത മുഖംമൂടിയും വിലങ്ങും ധരിപ്പിച്ച് ഭീകര കുറ്റവാളികളെ പോലെ വടക്കാഞ്ചേരി പൊലീസ് കോടതിയിൽ ഹാജരാക്കിയതിനെതിരെയായിരുന്നു കെ.എസ്.യു ശനിയാഴ്ച പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ളവർക്ക് പരിക്കേറ്റു. തുടർന്നാണ് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെയും കൺവീനർ ആസിഫ് മുഹമ്മദിനെയും അടക്കം അറസ്റ്റ് ചെയ്തത്. ഇവരെ എരുമപ്പെട്ടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്‍റ് എം.എം ഹസൻ അടക്കമുള്ളവർ സന്ദർശിക്കുകയും ചെയ്തു. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
എന്നാൽ, വൈകീട്ട് 7.30ഓടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി കോടതിക്ക് സമീപം എത്തിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് തയാറാക്കുകയോ എസ്.എച്ച്.ഒ എത്തുകയോ ചെയ്തില്ല. മണിക്കൂറുകൾ പിന്നിട്ടപ്പോൾ കോൺഗ്രസ് നേതാക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ ഉടൻ ഹാജരാക്കുമെന്ന് മറുപടി നൽകിയതല്ലാതെ മജിസ്ട്രേറ്റിന്‍റെ വസതിയിലേക്ക് എത്തിച്ചില്ല. ഒടുവിലാണ് രാത്രി 11.30ന് ശേഷം മജിസ്ട്രേറ്റിന്‍റെ വസതിയിലെത്തിക്കുകയും ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തത്.
പൊലീസ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച കെ.എസ്.യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, കൺവീനർ ആസിഫ് മുഹമ്മദ് എന്നിവർ ഗ്രൗണ്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.