ശബരിമല മാസപൂജ: കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും

തിരുവനന്തപുരം; ശബരിമല കർക്കടക മാസപൂജയ്ക്ക് വേണ്ടി തുറക്കുമ്പോൾ കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കർക്കിടക മാസപൂജ പ്രമാണിച്ച് ജൂലൈ 15 വെള്ളിയാഴ്ച നട തുറന്ന് ജൂലൈ 21 ബുധനാഴ്ച രാത്രി നട അടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും കെ.എസ്.ആർ.ടി.സി യാത്രാ സൗകര്യം ഒരുക്കും.

ഈ കാലയളവിൽ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് കെ.എസ്​.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ, പത്തനംതിട്ട, പുനലൂർ, കൊട്ടാരക്കര യൂണിറ്റ് ഓഫീസർമാർക്ക് ഇതിന്‍റെ ചുമതല നൽകിയിട്ടുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകൾക്കായിട്ട് ആവശ്യമായ ജീവനക്കാരേയും വിന്യസിച്ചു.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ജൂലൈ 16 മുതൽ പമ്പയിലും നിലക്കലിലും നടത്തുന്ന സർവ്വീസിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിന് വേണ്ടി മൈക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിലക്കൽ- പമ്പ ചെയിൻ സർവീസിനായി 15 ബസുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് ബസുകളുടെ എണ്ണം കൂട്ടും. കൂടാതെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് നടത്തും. കൂടാതെ കോട്ടയം എരുമേലി എന്നീ ഡിപ്പോകളിൽ നിന്നും ആവശ്യമെങ്കിൽ പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നും കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - KSRTC Special Service to Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.