സ്മാർട്ട് കാർഡ്

കെ.എസ്.ആർ.ടി.സി സ്മാർട്ട് കാർഡ്: റീചാർജ് പരിധി 5,000 രൂപയാക്കി

പാലക്കാട്: കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി അവതരിപ്പിച്ച സ്മാർട്ട് കാർഡിന്റെ (ട്രാവൽ കാർഡ്) റീചാർജ് പരിധിയിൽ വലിയ മാറ്റങ്ങൾ. നിലവിൽ 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് പണത്തിന് പകരം കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്ന സൗകര്യം കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഏതൊരു എ.ടി.എം. കാർഡും പോലെ ബസുകളിലെ മെഷീനിൽ സൈ്വപ്പ് ചെയ്തുകൊണ്ട് ടിക്കറ്റ് നിരക്ക് അടക്കാൻ യാത്രക്കാർക്ക് സാധിക്കും. പണം കരുതേണ്ടതില്ല എന്നത് യാത്രക്കാരുടെ വലിയൊരു പ്രയാസമാണ് ഇതുവഴി പരിഹരിക്കുന്നത്. യാത്രക്കാർക്കായി വിവിധ റീചാർജ് സ്ലാബുകളിൽ അധിക തുക (ബോണസ്) പ്രഖ്യാപിച്ചിട്ടുണ്ട്. റീചാർജ് ചെയ്യുന്ന തുകയേക്കാൾ അധികമായി തുക ലഭിക്കും.

1,000 മുതൽ 1,999 രൂപ വരെ: 40 രൂപ അധികം

2,000 രൂപയ്ക്ക് മുകളിൽ: 100 രൂപ അധികം

3,000 രൂപയ്ക്ക് മുകളിൽ: 150 രൂപ അധികം

4,000 രൂപയ്ക്ക് മുകളിൽ: 200 രൂപ അധികം

100 രൂപയാണ് സ്മാർട്ട് കാർഡിന്റെ വില. കുറഞ്ഞത് 100 രൂപ മുതൽ റീചാർജ് ചെയ്യാവുന്നതാണ്. കാർഡിലെ തുകക്ക് ഒരു വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷത്തിലധികം കാർഡ് ഉപയോഗിക്കാത്തപക്ഷം അത് പ്രവർത്തനരഹിതമാകും. അത്തരം കാർഡുകൾ കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ വഴി വീണ്ടും പ്രവർത്തനക്ഷമമാക്കാവുന്നതാണ്.

കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും സ്മാർട്ട് കാർഡ് സ്വന്തമാക്കാം. കൂടാതെ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളിൽ നിന്നും ബസ് കണ്ടക്ടർമാരിൽ നിന്നും നേരിട്ട് കാർഡ് വാങ്ങാനും റീചാർജ് ചെയ്യാനും സൗകര്യമുണ്ട്.

ഈ കാർഡ് ഒരാൾക്ക് തന്നെ വേണമെന്ന് നിർബന്ധമില്ല. ഒരു കാർഡ് ഉപയോഗിച്ച് തന്നെ വീട്ടിലെ മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും യാത്ര ചെയ്യാം. അതായത്, കാർഡ് കൈവശമുള്ള ആർക്കും ടിക്കറ്റ് എടുക്കാം. കണ്ടക്ടർക്കും യാത്രക്കാരനും ഒരുപോലെ തലവേദനയാകുന്ന ചില്ലറ പ്രശ്നം ഇതിലൂടെ ഒഴിവാക്കാം. ടിക്കറ്റ് തുക കൃത്യമായി കാർഡിൽ നിന്ന് കുറയുന്നതിനാൽ ബാക്കി പണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാകും. ബസിലെ ഇ.ടി.എം (Electronic Ticketing Machine) മെഷീനിലൂടെയോ കാർഡിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ ബാലൻസ് തുക തത്സമയം അറിയാൻ സാധിക്കും.

നിലവിൽ എല്ലാ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ഈ സൗകര്യം ലഭ്യമാണ്. വരും മാസങ്ങളിൽ വിദ്യാർഥികളുടെ കൺസഷൻ കാർഡുകളും സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നുണ്ട്. ചലോ (Chalo) മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സ്വന്തമായും കാർഡ് റീചാർജ് ചെയ്യാവുന്നതാണ്. കാർഡ് നഷ്ടപ്പെടുകയോ സാങ്കേതികമായി തകരാറിലാകുകയോ ചെയ്താൽ അടുത്തുള്ള ഡിപ്പോയിൽ അപേക്ഷ നൽകി പുതിയ കാർഡ് വാങ്ങാം. പഴയ കാർഡിലെ ബാലൻസ് തുക പുതിയതിലേക്ക് മാറ്റി നൽകുന്നതാണ്.


Tags:    
News Summary - KSRTC Smart Card: Recharge limit increased to Rs. 5,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.