പ്രഥമദൃഷ്ട്യാ അഴിമതി; നിയമന ക്രമക്കേടിൽ പി.എസ്.സിയെ പ്രതിക്കൂട്ടിൽ നിർത്തി ഹൈകോടതി
കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത് അഴിമതിയാണെന്ന സംശയം പ്രകടിപ്പിച്ച് ഹൈകോടതി. അഞ്ച് മാർക്കിന്റെ ചോദ്യം ഒഴിവായിപ്പോയെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. എന്നാൽ, ഇത്രയും മാർക്കിന്റെ ചോദ്യം മൂല്യനിർണയത്തിൽനിന്ന് ഒഴിവായത് പി.എസ്.സി വലിയ തോതിൽ അഴിമതി നടത്തിയെന്നും വൻ ഗൂഢാലോചനയുണ്ടായെന്നും പ്രഥമദൃഷ്ട്യാ കരുതാൻ ഇടനൽകുന്നതാണ്. ആരോപണവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി ചെയർമാനടക്കം സഹകരിക്കാത്തതെന്തെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
നോട്ടീസ് നൽകിയിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ അടുത്ത കടുത്ത നടപടി സ്വീകരിക്കാത്തതെന്തെന്ന് കോടതി സർക്കാറിനോട് ചോദിച്ചു. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കമ്പ്യൂട്ടറൈസഡ് മൂല്യനിർണയമായതിനാൽ സാങ്കേതിക പിഴവ് കൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നായിരുന്നു പി.എസ്.സി വാദം. പി.എസ്.സി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാറിന് അധികാരമില്ല. വീഴ്ച സംഭവിച്ചത് പി.എസ്.സിതന്നെ പരിഹരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊതുസേവകരെന്ന നിലയിൽ ചട്ടം17(എ) പ്രകാരമുള്ള സംരക്ഷണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അർഹരാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിജിലൻസ് ഡയറക്ടറുടെ കത്തിൽതന്നെ മുൻകൂർ അനുമതിയെക്കുറിച്ച് പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് പി.എസ്.സി അംഗങ്ങളടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത് തടയണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, പി.എസ്.സി തീരുമാനവും ശിപാർശയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളിലെ അന്വേഷണത്തിന് മാത്രമേ ചട്ടപ്രകാരം മുൻകൂർ അനുമതി ആവശ്യമുള്ളൂവെന്ന് കോടതിയും സർക്കാറിനുവേണ്ടി ഹാജാരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയും ചൂണ്ടിക്കാട്ടി. പി.എസ്.സിയുമായി ബന്ധപ്പെട്ട രണ്ടു പേർക്കെതിരെയാണ് ആരോപണമെന്നിരിക്കെ പി.എസ്.സി എന്ന സ്ഥാപനം എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ഡി.ജി.പി പറഞ്ഞു. പി.എസ്.സിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് ഒറ്റപ്പെട്ട പരാതികളല്ലെന്നും 180 പരാതികൾ ഇതിനകം ലഭിച്ചെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. പി.എസ്.സിയുടെ ഹരജി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം വാദിച്ചു.
ഇത്തരമൊരു ഹരജി സമർപ്പിക്കാൻ പി.എസ്.സിക്ക് സാധ്യമല്ലെന്ന രജിസ്ട്രിയുടെ എതിർപ്പ് അംഗീകരിച്ച് ഹരജി പരിഗണിക്കാതിരുന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവിനെതിരെ പി.എസ്.സി നേരത്തെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. തുടർന്ന് ഹരജി പരിഗണിച്ച് തീർപ്പാക്കാൻ നിർദേശിച്ച് സിംഗിൾബെഞ്ചിലേക്കുതന്നെ കേസ് മടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.