ഇ.എസ്.എ അതിർത്തി മാപ്പ് പൂർത്തിയായി: ബുധനാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കേരളത്തിലെ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലോല മേഖലകളുടെ (ഇ.എസ്.എ) വിവരങ്ങളടങ്ങിയ കഡസ്ട്രൽ മാപ്പ് പൂർത്തിയായി. മന്ത്രിസഭയുടെ അംഗീകാരം നേടിയ ശേഷം ബുധനാഴ്ചയോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഇ.എസ്.എ മേഖലകളുടെ അതിർത്തികൾ അടയാളപ്പെടുത്തിയ മാപ്പാണ് കഡസ്ട്രൽ ഭൂപടം. സാധാരണ കഡസ്ട്രൽ മാപ്പിൽ സർവേ നമ്പർ അടിച്ചുനൽകാൻ സൗകര്യമുണ്ടാവും. എന്നാലിതിൽ സ്ഥലം ഉടമയുടെ പേര് നൽകിയാൽ ആ സ്ഥലം ഇ.എസ്.എയിൽ ഉൾപ്പെട്ടിട്ടുണ്ടോ, സർക്കാർ റിപ്പോർട്ട് പ്രകാരം കൃഷിഭൂമിയാണോ എന്ന് കൃത്യമായി അറിയാനാകും.
കേന്ദ്ര സർക്കാറിന്റെ ഏഴാമത്തെ കരട് റിപ്പോർട്ട് പ്രകാരം 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എ പരിധിയിൽ വരുന്നത്. ഇത് 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്ററായി കുറക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയത്. ജനവാസമേഖലകളും കൃഷി ഭൂമിയും തോട്ടങ്ങളും സർക്കാർ റിപ്പോർട്ടിൽ ഒഴിവാക്കി. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാവണം. മാത്രമല്ല, കസ്തൂരി രംഗൻ റിപ്പോർട്ട് ഏറ്റവും ചെറിയ യൂനിറ്റായി കണക്കാക്കിയിട്ടുള്ളത് വില്ലേജിനെയാണ്.
ഒരു വില്ലേജിൽ ഇ.എസ്.എ മേഖല ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ആ വില്ലേജ് പൂർണമായി ഇ.എസ്.എ ആയി കണക്കാക്കും. അതായത് ഇ.എസ്.എയിൽ, കൃഷിഭൂമിയോ ജനവാസമേഖലകളോ ഉൾപ്പെടാം. സംസ്ഥാന പരിസ്ഥിതി വകുപ്പ് നൽകിയ റിപ്പോർട്ടിൽ വില്ലേജിനെ യൂനിറ്റായി കണക്കാക്കിയിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. ഏത് പ്രദേശമാണോ ഇ.എസ്.എ അത് മാത്രമാണ് പരിധിയിൽ വരിക. ഇക്കാര്യവും മാപ്പ് ലഭിച്ചാലേ പൊതുജനങ്ങൾക്ക് ഉറപ്പുവരുത്താനാകൂ. മാപ്പ് കർഷകതാൽപര്യങ്ങൾക്ക് വിരുദ്ധമല്ലെന്നുറപ്പാക്കുകയും സർക്കാർ സമർപ്പിച്ച റിപ്പോർട്ടും മാപ്പും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്താലേ കർഷകരുടെ ആശങ്ക പൂർണമായി ഇല്ലാതാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.