ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു; പൊലീസ് മർദനം മൂലമെന്ന് പരാതി
ആറ്റിങ്ങൽ: പൊലീസിന്‍റെ മർദ്ദനം മൂലം ഗൃഹനാഥൻ മരിച്ചതായി പരാതി. അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് വയൽ തിട്ട എസ്.എസ് ഭവനിൽ സജി (43) ആണ് മരിച്ചത്. ഇൗ മാസം ഒന്നിന് സജിയുടെ അയൽവാസി വിഘ്നേശ്വറിന്റെ വീട്ടിൽനിന്ന് പൊലീസ് സംഘം നാല് ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. മഫ്തിയിലെത്തിയ നാലംഗ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സംഘം വിഘ്നേശ്വരിനെ മർദിക്കുന്നത് കണ്ട് അയൽവാസിയായ സജി ഇടപെട്ടു. മഫ്തിയിലെത്തിയ പൊലീസ് ആണെന്നറിയാതെയായിരുന്നു സജിയുടെ ഇടപെടൽ.
മർദനം തടയാൻ ചെന്ന സജിയെ പൊലീസ് ക്രൂരമായി മർദിച്ചു. വിഘ്നേശ്വറിനെയും പിടിച്ചെടുത്ത മദ്യവുമായി പൊലീസ് സംഘം സ്ഥലത്ത്നിന്ന് മടങ്ങി. അവശനിലയിലായ സജി ശ്വാസംമുട്ടിനും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുമിരയായി. മൂന്നിന് ഛർദ്ദിയിൽ രക്തം കണ്ടു. മൂത്രത്തിലും രക്തത്തിന്റെ അംശം തിരിച്ചറിഞ്ഞു. നാലിന് ഭാര്യക്കും മകനും ഒപ്പം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി.
ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച ശേഷം മരുന്ന് നൽകി വിട്ടയച്ചു. തൊട്ടടുത്ത ദിവസം ഒ.പിയിൽ വന്ന് ഡോക്ടറെ കാണണമെന്ന് നിർദ്ദേശിച്ചു. തിങ്കളാഴ്ച ആശുപത്രിയിൽ പോകാനിരിക്കവേ പുലർച്ചെ കടുത്ത ശ്വാസംമുട്ടും അസ്വസ്ഥതയും അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് സജിക്ക് ആരോഗ്യ പ്രശ്നങ്ങളും മരണകാരണവും ഉണ്ടായതെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വിജിതയാണ് ഭാര്യ. മക്കൾ: വിജിൻ, ശരൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.