കെ.എസ്.ആർ.ടി.സി ശമ്പളം: 21ഓടെ ഭാഗിക വിതരണത്തിന് തീവ്രനീക്കം

തിരുവനന്തപുരം: മേയ് 21ഓടെ ഭാഗികമയായെങ്കിലും ശമ്പളവിതരണം ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിയിൽ തീവ്രശ്രമം. വായ്പകൾ ശരിയാകാത്തതിനാൽ ഇന്ധനച്ചെലവടക്കം മിച്ചംപിടിച്ചാണ് ഭാഗിക ശമ്പളവിതരണത്തിന് നീക്കം നടക്കുന്നത്.

സര്‍ക്കാര്‍ നല്‍കിയ 30 കോടി മാത്രമാണ് കൈവശമുള്ളത്. 21ന് 60 ശതമാനം ശമ്പളമെങ്കിലും നല്‍കാന്‍ 50 കോടികൂടി വേണം. സർക്കാർ ഗാരന്‍റിയോടെ എസ്.ബി.ഐയില്‍നിന്ന് 250 കോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കാൻ ശ്രമം നടന്നിരുന്നു. ബസുകളുടെ അറ്റകുറ്റപ്പണിക്കൊപ്പം നിലവിലെ പ്രതിസന്ധികൂടി പരിഹരിക്കാനായിരുന്നു ഈ നീക്കം. കെ.എസ്.ആർ.ടി.സിക്കുള്ള ബജറ്റ് വിഹിതത്തിൽനിന്ന് ഈ തുക അനുവദിച്ച് കിട്ടുന്ന മുറക്ക ഒ.ഡി തിരിച്ചടക്കാനായിരുന്നു ആലോചന. എന്നാൽ, ഇതിന് വിദേശത്തുള്ള സി.എം.ഡി ബിജു പ്രഭാകര്‍ തിരിച്ചെത്തണം. മേയ് 20നേ സി.എം.ഡി തിരിച്ചെത്തൂ.

അതേസമയം, മന്ത്രിക്കെതിരെ സ്വരം കടുപ്പിക്കുകയാണ് ഭരണാനുകൂല സംഘടനകൾ. കഴിഞ്ഞ ദിവസം ചേർന്ന സി.ഐ.ടി.യു ജനറൽ കൗൺസിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഒപ്പം സി.ഐ.ടി.യു നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കാണാനും തീരുമാനിച്ചു. ഇതിനിടെ ശമ്പളവിതരണത്തിൽ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന സി.ഐ.ടി.യുവിന്‍റെയും എ.ഐ.ടി.യു.സിയുടെയും വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ആന്‍റണി രാജു രംഗത്തെത്തി.

വരവ്- ചെലവ് കണക്ക് നോക്കലും ശമ്പളം കൊടുക്കലും മന്ത്രിയുടെ പണിയല്ലെന്നും അതിനാണ് മാനേജ്മെന്‍റിനെ നിയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സർക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് എ.ഐ.ടി.യു.സി, ടി.ഡി.എഫ്, ബി.എം.എസ് സംഘടനകൾ ആലോചിക്കുന്നുണ്ട്.

Tags:    
News Summary - KSRTC Salary: Intensive move for partial distribution by 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.